എങ്ങും കച്ചവടത്തിരക്ക്

മസ്കത്ത്: ബലിപെരുന്നാളിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ എങ്ങും പെരുന്നാള്‍ തിരക്ക്. സ്വദേശി ഉല്‍പന്നങ്ങളും പെരുന്നാള്‍ വസ്ത്രങ്ങളും അത്തറുകളും ലഭിക്കുന്ന പരമ്പരാഗത സൂഖായ മത്രയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. രാജ്യത്തിന്‍െറ പല ഭാഗങ്ങളില്‍നിന്നും സ്വദേശികള്‍ പരമ്പരാഗത സൂഖായ മത്രയിലേക്ക് ഒഴുകിയതോടെ മത്രയിലേക്കുള്ള റൂവിയിലെ റോഡുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. 
വാദീകബീര്‍, റൂവി ഭാഗങ്ങളിലേക്കുള്ള പ്രധാന റോഡുകളിലും അനുബന്ധ റോഡുകളിലും ചൊവ്വാഴ്ച വൈകുന്നേരം മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പലരും മണിക്കൂറുകള്‍ കുരുക്കില്‍ കിടന്നാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഖുറം-വാദീകബീര്‍ റോഡ് നിര്‍മാണ പദ്ധതിയുടെ ഭാഗമായ നാല് ഫൈ്ളഓവറുകള്‍ ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും അനുബന്ധ റോഡുകളുടെ മിനുക്കുപണികളും മറ്റും ഇപ്പോഴും തുടരുന്നത് ഗതാഗതത്തെ ബാധിച്ചു. 
റൂവിയില്‍ ചൊവ്വാഴ്ച ഉച്ചക്കും വൈകുന്നേരവുമെല്ലാം വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടെങ്കിലും കച്ചവട സ്ഥാപനങ്ങളില്‍ തിരക്കില്ല. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കച്ചവടം പകുതിയിലും താഴെപോയതായി റാഡോ മാര്‍ക്കറ്റിലെ കച്ചവടക്കാരനായ ഷാജിത്ത് പറഞ്ഞു. കാര്‍ഗോ മേഖലയിലെ സ്തംഭനം കച്ചവടത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പെരുന്നാളിന് നാട്ടിലേക്ക് കാര്‍ഗോ അയക്കുന്നതിന് മലയാളികള്‍ അടക്കം പ്രവാസികള്‍ ധാരാളം സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇത്തവണ കച്ചവടം പ്രതീക്ഷിച്ച് ധാരാളം സാധനങ്ങള്‍ ഇറക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വ്യാപനവും കച്ചവടത്തെ മോശമായി ബാധിച്ചിട്ടുണ്ട്. 50 ശതമാനം വിലക്കിഴിവ്, പ്രത്യേക കൂപ്പണുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. 
മുമ്പ് ഗാലയില്‍ നിന്നും മറ്റും ധാരാളം തൊഴിലാളികള്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ധാരാളമായതോടെ കച്ചവടത്തില്‍ ഏറെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും ഷാജിത്ത് പറഞ്ഞു.  മത്ര സൂഖില്‍ മാത്രമണ് തിരക്കനുഭവപ്പെടുന്നത്. സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതാണ് കാരണം. ഒമാന്‍െറ വിവിധ ഭാഗങ്ങളിലെ കന്നുകാലി ചന്തകളിലും വന്‍ തിരക്കാണ്. വാദീ കബീറിലും സീബിലുമടക്കം കന്നു കാലി ചന്തകളില്‍ വന്‍ തിരക്കാണ്. സ്വദേശി വീടുകളില്‍ വളര്‍ത്തിയ ആടുകള്‍ക്കും മാടുകള്‍ക്കും ഉയര്‍ന്നവില നല്‍കേണ്ടിവരുന്നു. 
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍   സംഘടിപ്പിക്കുന്ന ഈദുഗാഹുകളുടെയും ഈദ് സംഗമങ്ങളുടെയും ഒരുക്കങ്ങളും നടക്കുന്നുണ്ട്. വിവിധ പള്ളികളിലും പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും. റൂവി മേഖലയില്‍ മാത്രം നാല് ഈദ്ഗാഹുകളാണ് നടക്കുന്നത്. 
ഒമാനിലെ ഏറ്റവും വലിയ ഈദ്ഗാഹായ ഗാല അല്‍ റുസൈഖി ഗ്രൗണ്ടിലും ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. പല ഈദ്ഗാഹുകളിലും കേരളത്തില്‍നിന്നത്തെിയ പ്രമുഖരാണ് നേതൃത്വം നല്‍കുന്നത്. വിവിധ സംഘടനകള്‍ ബലിപെരുന്നാളിന്‍െറ ഭാഗമായി ഈദ് സംഗമങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ കേരളത്തില്‍നിന്നത്തെുന്ന പണ്ഡിതര്‍ പങ്കെടുക്കുന്നുണ്ട്. ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ അവധി ഇന്നുമുതല്‍ ആരംഭിക്കുകയാണ്. വാരാന്ത്യ അവധികൂടി ചേര്‍ത്ത് നാലുദിവസം മാത്രമാണ് അവധിയുള്ളത്. ഞായറാഴ്ച ഓഫിസുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. അവധിയിലെ കുറവിനൊപ്പം ചൂടിന് ശമനം വരാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ ഈദ് പിക്നിക്കുകളും കൂടിച്ചേരലുകളും ഇക്കുറി കുറവായിരിക്കും. തോട്ടങ്ങളിലും പാര്‍ക്കുകളിലും ബീച്ചുകളിലുമൊക്കെയാകും സംഘടനകളും കൂട്ടായ്മകളും ഒത്തുചേരുക.  പെരുന്നാള്‍ ആഘോഷിക്കാന്‍ യു.എ.ഇയിലേക്ക് തിരിക്കുന്നവരുമുണ്ട്. ബുറൈമിയില്‍ അല്‍ ഐന്‍ അതിര്‍ത്തി കടക്കാന്‍ ചൊവ്വാഴ്ച ഒരുമണിക്കൂറിലേറെ സമയമാണ് എടുത്തത്. വരുംദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനാണിടയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.