മസ്കത്ത്: വിദേശമലയാളികളുടെ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവാസി കമീഷന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം നിലവില്‍വരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിന്‍െറ ബില്ല് തയാറായിവരുകയാണെന്നും ഓര്‍ഡിനന്‍സിലൂടെയെങ്കിലും അത് നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു. മസ്കത്തില്‍ ഒ.ഐ.സി.സി സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യല്‍ അധികാരമുള്ളതാകും പ്രവാസി കമീഷന്‍. വിരമിച്ച ഹൈകോടതി ജഡ്ജ് ചെയര്‍മാനായുള്ള കമീഷനില്‍ രണ്ട് സ്ഥിരാംഗങ്ങളുമുണ്ടാകും. പ്രവാസികളുടെ നാട്ടിലെ ഭൂമി കൈയേറുന്നതടക്കം നിരവധി പരാതികള്‍ ഉണ്ടാകാറുണ്ട്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിപ്പെടുന്നപക്ഷം തീര്‍പ്പാകാന്‍ വര്‍ഷങ്ങള്‍ എടുക്കും. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ നോര്‍ക്കക്ക് അധികാരവുമില്ല. പ്രവാസി കമീഷനെ സമീപിക്കുന്നപക്ഷം പരാതികളില്‍ തെളിവെടുത്ത് സമയബന്ധിതമായി പരിഹാരംകാണും. കമീഷന്‍െറ ശിപാര്‍ശ അംഗീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ജേക്കബ് തോമസിനെതിരെ നടപടിയുണ്ടായത്. ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ പല തീരുമാനങ്ങളിലും അദ്ദേഹം കടുംപിടിത്തം പുലര്‍ത്തിയിരുന്നു. അഗ്നിശമന സംവിധാനങ്ങള്‍ ഒരുക്കാത്തതിന്‍െറ പേരില്‍ ഫ്ളാറ്റുകള്‍ക്ക് അനുമതി കൊടുക്കാത്തത് മാത്രമല്ല മറ്റു നിരവധി പരാതികളും ലഭിച്ചിരുന്നു. സര്‍ക്കാറിനോട് ആലോചിക്കാതെയാണ് അദ്ദേഹം സര്‍ക്കുലറുകള്‍ അയച്ചിരുന്നത്. ഓണാഘോഷത്തിന് ഫയര്‍എന്‍ജിന്‍ വിട്ടുകൊടുത്തത് വിവാദമായപ്പോള്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടു. അപകടങ്ങളില്‍ ആളുകളെ തക്കസമയത്ത് രക്ഷിക്കാനായി ഫയര്‍എന്‍ജിനും ആംബുലന്‍സും ഈ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി എത്താതായി. ഇത് നിരവധി പരാതികള്‍ക്ക് വഴിയൊരുക്കിയിരുന്നു. സ്കൂളുകള്‍ക്കും ഓഡിറ്റോറിയങ്ങള്‍ക്കും പള്ളികള്‍ക്കും ആശുപത്രികള്‍ക്കും അനുമതി നല്‍കാത്ത സാഹചര്യമുണ്ടായിരുന്നു.
പ്രവാസികള്‍ക്ക് ഫ്ളാറ്റ് എടുക്കാന്‍ കഴിയുന്നില്ളെന്നതടക്കം പരാതികളും ഉയര്‍ന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അഗ്നിശമന സുരക്ഷാ സംവിധാനം ഉറപ്പാക്കുന്നതിന് 120 കോടിയുടെ പദ്ധതി തയാറാക്കിയിട്ടുമുണ്ട്. ജേക്കബ് തോമസിനെ മാറ്റാനുള്ള തീരുമാനം കാബിനറ്റിന്‍െറ അംഗീകാരത്തോടെയാണ് കൈക്കൊണ്ടത്. അദ്ദേഹത്തെ പൊലീസ് ചുമതലയിലേക്ക് കൊണ്ടുവന്നത് താനാണ്. എന്നാല്‍, അതിന്‍െറ പേരില്‍ താന്‍ ഏറെ പഴികേട്ടതായും ചെന്നിത്തല പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഒ.ഐ.സി.സി ഒമാന്‍ പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍, ജന.സെക്രട്ടറി എന്‍.ഒ. ഉമ്മന്‍, ശങ്കര്‍പിള്ള കുമ്പളത്ത്, മുന്‍ എം.പി ഡോ.കെ.എസ്. മനോജ്, മാന്നാര്‍ അയ്യൂബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.