മഴ മുന്നറിയിപ്പ് : നെഞ്ചിടിപ്പേറി ഇന്‍ഷുറന്‍സ് കമ്പനികള്‍

മസ്കത്ത്: മാനം കറുക്കുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ്. മുന്‍കാലങ്ങളില്‍ അപൂര്‍വമായിരുന്ന മഴ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഇപ്പോള്‍ ഇടക്കിടെ വിരുന്നത്തെുന്നതുവഴി ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടിവരുന്നത് ദശലക്ഷക്കണക്കിന് റിയാലാണ്. സെപ്റ്റംബറില്‍ മസ്കത്തില്‍ പെയ്ത മഴയില്‍ 3.6 ദശലക്ഷം റിയാലാണ് നഷ്ടപരിഹാരമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയതെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ കാപിറ്റല്‍ മാര്‍ക്കറ്റിന്‍െറ കണക്കുകള്‍ പറയുന്നു. ശക്തമായ മഴയില്‍ സ്ഥാപനങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മെഷിനറികള്‍ അടക്കമുള്ളവക്ക് കാര്യമായ നാശം സംഭവിച്ചിരുന്നു. സര്‍ക്കാര്‍-സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കും വസ്തുവകകള്‍ക്കുമുണ്ടായ നാശം വേറെയാണ്. എന്‍ജിനീയറിങ് ഇന്‍ഷുറന്‍സ് ആണ് നഷ്ടപരിഹാരത്തില്‍ മുന്നില്‍. നഷ്ടപരിഹാരത്തുകയുടെ 59 ശതമാനത്തിലധികം രണ്ട് ദശലക്ഷത്തിലധികം റിയാലാണ് ഈ വിഭാഗത്തില്‍ നഷ്ടപരിഹാരമായി നല്‍കിയത്. വാഹനങ്ങള്‍ നഷ്ടമായവര്‍ക്കും കേടുപാടുകളുണ്ടായവര്‍ക്കും 22 ശതമാനവും വസ്തുവകകള്‍ക്കുണ്ടായ നാശത്തിന് 18 ശതമാനവും നഷ്ടപരിഹാര തുക നല്‍കി. വിവിധ പദ്ധതികളുടെ കരാറുകാര്‍ക്ക് മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ നാലിനുണ്ടായ മഴയില്‍ വടക്കന്‍ മേഖലകളില്‍ നാലുപേരാണ് മരിച്ചത്. ഹമരിയ, റൂവി മേഖലകളില്‍ നിരവധി കാറുകളാണ് ഒഴുക്കില്‍ പെട്ടത്. പല വീടുകളിലും വെള്ളം കയറി വീട്ടുസാധനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു.  വന്‍ പാറക്കഷണങ്ങള്‍ ഉരുണ്ടുവീണതിനെ തുടര്‍ന്ന് ബോഷര്‍-അമിറാത്ത് റോഡ് മണിക്കൂറുകള്‍ അടച്ചിട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.