ഭക്ഷ്യമേഖലയിലെ നിക്ഷേപം: ഒമാനും ജപ്പാനും 400 ദശലക്ഷം ഡോളറിന്‍െറ ഫണ്ട് രൂപവത്കരിക്കുന്നു

മസ്കത്ത്: ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളില്‍ മുതല്‍മുടക്കാനായി ജപ്പാനും ഒമാനും സംയുക്ത ഫണ്ട് രൂപവത്കരിക്കുന്നു. 400 ദശലക്ഷം ഡോളറിന്‍െറ (154 ദശലക്ഷം റിയാല്‍) ഫണ്ട് ആണ് സ്വരൂപിക്കുന്നത്. ജി.സി.സി രാഷ്ട്രങ്ങളില്‍ പച്ചക്കറി കൃഷി, പാലും പാലുല്‍പന്നങ്ങളും, ഭക്ഷ്യഗവേഷണം തുടങ്ങി വിവിധ മേഖലകളിലെ വ്യവസായങ്ങളില്‍ ജാപ്പനീസ് കമ്പനികള്‍ ഈ ഫണ്ട് ഉപയോഗിച്ച് മുതല്‍മുടക്കും. ഇതില്‍ 35 ശതമാനം ഒമാനില്‍ മുതല്‍മുടക്കും. രാജ്യത്തിന്‍െറ പൊതു കരുതല്‍ഫണ്ടില്‍നിന്നുള്ളതാണ് 37.5 ശതമാനം മുതല്‍മുടക്ക്. ഒമാന്‍ നാഷനല്‍ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിക്കും ആറ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്‍റ് കോര്‍പറേഷനും 12.5 ശതമാനം ഓഹരിയുണ്ടാകും. ജപ്പാനില്‍നിന്നുള്ള മിസുഹോ ബാങ്കും നോറിന്‍ചുകിന്‍ ബാങ്കുമാണ് ഫണ്ടില്‍ ബാക്കി 50 ശതമാനം മുടക്കുക. എണ്ണയിതര മേഖലയിലെ വരുമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി ഒമാന്‍ ആവിഷ്കരിച്ച വിപുല പദ്ധതികളുടെ ഭാഗമാണ് ഗള്‍ഫ്- ജാപ്പനീസ് ഫുഡ് ഫണ്ട്. നിക്ഷേപം കൊണ്ടുവരുന്നതിനൊപ്പം നവീന സാങ്കേതികതയുള്ള വ്യവസായങ്ങള്‍ ഒമാനില്‍ ആരംഭിക്കലും സര്‍ക്കാറിന്‍െറ ലക്ഷ്യമാണ്. 
പദ്ധതി പൂര്‍ണാര്‍ഥത്തില്‍ എത്തുന്നതോടെ ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യവും ഏറക്കുറെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നൂതന സാങ്കേതികത കൈവശമുള്ള ജാപ്പനീസ് കമ്പനികളുടെ കടന്നുവരവ് മറ്റു വിദേശകമ്പനികളെയും ഒമാനിലെ നിക്ഷേപത്തിന് പ്രേരിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഭക്ഷ്യോല്‍പാദനവും ശേഖരണവുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലാകും  നിക്ഷേപങ്ങള്‍ കൂടുതലായി നടത്തുകയെന്ന് വ്യവസായ, വാണിജ്യമന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി അറിയിച്ചു. ഷിനാസ് തുറമുഖത്താകും ആദ്യ വ്യവസായം ആരംഭിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.