ഭക്ഷ്യവസ്തുക്കളുടെ വിലക്കുറവ് ഒമാന്‍ വിപണിയില്‍ പ്രതിഫലിക്കുന്നില്ളെന്ന്

മസ്കത്ത്: ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില 17 മുതല്‍ 22 ശതമാനംവരെ കുറഞ്ഞെങ്കിലും ഒമാന്‍ വിപണിയിലിത് പ്രതിഫലിക്കുന്നില്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എണ്ണവിലയിടിവ്, കയറ്റുമതിയിലെ ആധിക്യം, അമേരിക്കന്‍ ഡോളറിന്‍െറ കരുത്താര്‍ജിക്കല്‍, ചൈനീസ് സമ്പദ്വ്യവസ്ഥയുടെ തളര്‍ച്ച എന്നീ കാരണങ്ങള്‍മൂലമാണ് ഭക്ഷ്യവസ്തുക്കളുടെ വിലകുറഞ്ഞതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍െറ റിപ്പോര്‍ട്ട് പറയുന്നു. കുത്തക വിതരണക്കാരുടെയും വില്‍പനക്കാരുടെയും സാന്നിധ്യമാണ് ഒമാനില്‍ വിലകുറയാതിരിക്കാന്‍ കാരണമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഇടപെട്ട് സാധനങ്ങളുടെ വിലക്കുറവിന് നടപടിയെടുക്കണമെന്നും ജനങ്ങളാവശ്യപ്പെടുന്നു. സ്വദേശികള്‍ക്കൊപ്പം പ്രവാസികളും പല സാധനങ്ങള്‍ക്കും അന്യായമായ വിലയാണ് ഈടാക്കുന്നതെന്ന് പറയുന്നു. പഞ്ചസാരയുടെ വിലമാത്രമാണ് വിപണിയില്‍ കുറഞ്ഞതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. പാല്‍, ഇറച്ചി, പച്ചക്കറി എന്നിവയുടെയെല്ലാം വില പഴയതുപോലെ നിലനില്‍ക്കുകയാണ്. ചില സാധനങ്ങള്‍ക്ക് വിലകുറച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നവര്‍ പല സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുകയാണെന്ന് അധ്യാപകനായ മുഹമ്മദ് അല്‍ ഷംസി പറയുന്നു. ഗതാഗത ചെലവും വാടകയും വര്‍ധിച്ച സാഹചര്യത്തില്‍ സാധനങ്ങളുടെ വിലകുറക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് വ്യാപാരികളും പറയുന്നു. വില ഉയര്‍ന്നുനില്‍ക്കുന്ന സമയത്ത് വാങ്ങിയ സാധനങ്ങളാണ് ഇപ്പോഴത്തെ സ്റ്റോക്കില്‍ ഭൂരിപക്ഷവുമെന്ന് കച്ചവടക്കാര്‍ പറയുന്നു.  വിലകുറക്കാന്‍ വിതരണക്കാരോട് ആവശ്യപ്പെടുന്നത് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍െറ ചുമതലയാണെന്നാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിലപാട്. കഴിഞ്ഞ ഏപ്രിലില്‍ സുല്‍ത്താന്‍െറ ഉത്തരവനുസരിച്ച് പുറത്തിറങ്ങിയ കോമ്പറ്റീഷന്‍ ആന്‍ഡ് ആന്‍റി മൊണോപ്പൊളി നിയമം ഇത്തരം പ്രവണതകള്‍ക്ക് അറുതിവരുത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വര്‍ഷത്തിന്‍െറ ആദ്യപകുതിയിലാണ് ആഗോളതലത്തില്‍ ഭക്ഷണവിലയില്‍ 17 മുതല്‍ 22 ശതമാനംവരെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. ധാന്യങ്ങള്‍, പാലുല്‍പന്നങ്ങള്‍, എണ്ണ, പഞ്ചസാര എന്നിവയുടെ വിലയില്‍ കുത്തനെ കുറവുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയിലേക്ക് ബ്രസീലില്‍നിന്നുള്ള ഗോതമ്പ് കയറ്റുമതി വര്‍ധിച്ചത് ഗോതമ്പ് ഉല്‍പന്നങ്ങളുടെ വിലക്കുറവിനും കാരണമായിട്ടുണ്ട്. ജൂലൈയിലെ കണക്കനുസരിച്ച് രാജ്യത്തെ പണപെരുപ്പ നിരക്കില്‍ 0.46 ശതമാനത്തിന്‍െറ വര്‍ധനയാണുണ്ടായത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.