മസ്കത്ത്: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഒമാനെ എതിരിടുന്നതിനായി ഇന്ത്യന്‍ ഫുട്ബാള്‍ ടീം മസ്കത്തിലത്തെി. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തിലാണ് മത്സരം. തുര്‍ക്മെനിസ്താനില്‍നിന്ന് ദുബൈ വഴി ഞായറാഴ്ച പുലര്‍ച്ചെയാണ് ടീം മസ്കത്തില്‍ ഇറങ്ങിയത്. മോശം കാലാവസ്ഥ മൂലം ദുബൈയിലേക്കുള്ള വിമാനം വൈകിയതിനാല്‍ നിശ്ചിത സമയത്തിലും 26 മണിക്കൂര്‍ വൈകിയാണ് ഇന്ത്യന്‍ ടീം എത്തിയത്. ടൈം സോണിലെ മാറ്റവും യാത്രാസമയവും കണക്കിലെടുത്താല്‍ 40 മണിക്കൂറോളമാണ് വൈകിയത്. വിമാനത്താവളത്തില്‍ അനിശ്ചിതമായി കാത്തുകിടക്കേണ്ടിവന്നതിനാല്‍ ടീം അംഗങ്ങള്‍ ക്ഷീണിതരായിരുന്നു. യാത്രയിലെ പ്രശ്നങ്ങള്‍ നിമിത്തം രണ്ടു പരിശീലന സെഷനുകളാണ് നഷ്ടമായതെന്ന് ഇന്ത്യന്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍ അറിയിച്ചു. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. ഒമാന്‍ ഫുട്ബാള്‍ അസോസിയേഷനുമായി ഉണ്ടാക്കിയ ധാരണ പ്രകാരം നാല് പരിശീലന സെഷനുകളാണ് അനുവദിച്ചിരുന്നതെന്നും കോച്ച് പറഞ്ഞു. രാവിലെ വിശ്രമിച്ച ടീമംഗങ്ങള്‍ വൈകുന്നേരത്തോടെ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. തുര്‍ക്മെനിസ്താനുമായുള്ള കളിയില്‍ മഞ്ഞക്കാര്‍ഡ് കണ്ട ബംഗളൂരു എഫ്.സി താരം യൂജിന്‍സ്റ്റണ്‍ ലിങ്ദോ ഒമാനുമായി കളിക്കാനിറങ്ങില്ല. ടീമില്‍ മറ്റൊരു മാറ്റംകൂടിയുണ്ടാകുമെന്നും ഇത് തിങ്കളാഴ്ച വൈകുന്നേരത്തോടെയേ തീരുമാനമാകൂവെന്നും മീഡിയ മാനേജര്‍ നിലഞ്ജന്‍ ദത്ത പറഞ്ഞു. ഗ്രൂപ് ഡിയില്‍ അവസാന സ്ഥാനക്കാരാണ് നിലവില്‍ ഇന്ത്യ. നാലു കളികള്‍ കളിച്ച ഇന്ത്യക്ക് ഒരു പോയന്‍റ് പോലുമില്ല. നാലു കളികളില്‍നിന്ന് എട്ടു പോയന്‍റ് ഉണ്ടെങ്കിലും ഗോള്‍ ശരാശരി കണക്കിലെടുക്കുമ്പോള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് ഒമാന്‍.
ബംഗളൂരുവില്‍ ഏറ്റവും അവസാനം നടന്ന കളിയില്‍ ഒമാന്‍ ഇന്ത്യയെ തോല്‍പിച്ചിരുന്നു. ഇന്ത്യക്ക് ഇനി മൂന്ന് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.