കടലും കടന്ന് നാദിയയുടെ ആഭരണപ്പെരുമ

മസ്കത്ത്: കേവലം ഒഴിവുസമയ വിനോദമായാണ് സ്വദേശി വനിതയായ നാദിയ അല്‍ ഷംസി ആഭരണങ്ങള്‍ നിര്‍മിച്ചുതുടങ്ങിയത്. വെള്ളിയിലും പിച്ചളയിലും ഓടിലുമെല്ലാം മനോഹരമായ ഡിസൈനുകളില്‍ പിറന്നുവീണ ആഭരണങ്ങള്‍ വര്‍ഷം ചെല്ലുംതോറും  സ്വദേശികള്‍ക്കൊപ്പം പ്രവാസികളുടെയും മനംകവര്‍ന്നു. കഴിവിനുള്ള അംഗീകാരമെന്നവണ്ണം ലണ്ടനില്‍ കഴിഞ്ഞവര്‍ഷം നടന്ന അന്താരാഷ്ട്ര ആഭരണ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും നാദിയക്ക് അവസരം ലഭിച്ചു. ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന ആദ്യ അറബ് വനിതയാണ് നാദിയ അല്‍ ഷംസി. കലയോട് ചെറുപ്പം മുതല്‍ പ്രണയമുണ്ടായിരുന്നെങ്കിലും ഈ മേഖലയില്‍ ചെറുപ്പത്തില്‍ ഒൗപചാരിക വിദ്യാഭ്യാസം നടത്താന്‍ അവസരം ലഭിച്ചില്ളെന്ന് നാദിയ പറയുന്നു. മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദം നേടി സാംസ്കാരിക പൈതൃക മന്ത്രാലയത്തില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും കല മനസ്സില്‍തന്നെയുണ്ടായിരുന്നു. 2009ലാണ് ജോലിയുടെ ഇടവേളകളില്‍ സമയം നീക്കാന്‍ ആഭരണങ്ങള്‍ നിര്‍മിച്ചുതുടങ്ങിയത്. ഇതിനുശേഷം ആഭരണ നിര്‍മാണത്തില്‍ ലണ്ടനില്‍നിന്ന് പരിശീലനം നേടി. വീടിനോട് ചേര്‍ന്ന് സജ്ജീകരിച്ച  മുറിയാണ് നാദിയയുടെ വര്‍ക്ഷോപ്. ആഭരണങ്ങള്‍ നിര്‍മിക്കുന്ന വെള്ളിയും ഓടും പിച്ചളയുമെല്ലാം ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില്‍നിന്നാണ് കൊണ്ടുവരുന്നത്. മനസ്സിലുള്ള രൂപം പേപ്പറിലേക്ക് പകര്‍ത്തുകയാണ് ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഇതിനനുസരിച്ച് ലോഹം മുറിച്ചെടുക്കുന്നു. തുടര്‍ന്ന് ഇത് ഉരുക്കിയും മറ്റും ആഭരണത്തിന്‍െറ രൂപത്തിലേക്ക് മാറ്റും. അഞ്ചുമുതല്‍ 100 റിയാല്‍ വരെയാണ് നാദിയ രൂപകല്‍പന ചെയ്യുന്ന ആഭരണങ്ങള്‍ക്ക് വില. ഇത് സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും പ്രിയങ്കരമായി വളര്‍ന്നത് പെട്ടെന്നാണ്. ‘മാസായെന്‍’ എന്നാണ് നാദിയ തന്‍െറ ഗാര്‍ഹിക വ്യവസായ സ്ഥാപനത്തിന് പേരിട്ടിരിക്കുന്നത്. ഇതിനിടെ, അല്‍ റോയയുടെ മികച്ച ഗാര്‍ഹിക സംരംഭകക്കുള്ള അവാര്‍ഡും ഈ യുവതിയെ തേടിയത്തെി. അപ്രതീക്ഷിതമായാണ് ലണ്ടനിലെ പ്രദര്‍ശനത്തിനുള്ള അവസരം തേടിയത്തെിയതെന്നും ഇവര്‍ പറയുന്നു. മികച്ച ആത്മവിശ്വാസമാണ് ഇത് പകര്‍ന്നുനല്‍കിയത്. പാരിസിലും ജര്‍മനിയിലും അടുത്ത മാസങ്ങളില്‍ നടക്കുന്ന പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുമുണ്ട്. ആഭരണ രൂപകല്‍പനയില്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ഭര്‍ത്താവിന്‍െറ നിറഞ്ഞ പിന്തുണയാണ് തന്‍െറ വിജയത്തിന് ആധാരമെന്ന് ഇവര്‍ പറയുന്നു. പെയിന്‍റിങ്ങിനോടും ഗാര്‍ഹിക ഉപകരണങ്ങളില്‍ അലങ്കാരപ്പണികള്‍ ചെയ്യുന്നതിനോടും നാദിയക്ക് കമ്പമുണ്ട്. അല്‍ഖുവൈറിലെ ഇവരുടെ വീട് മ്യൂസിയത്തിന് സമാനമാണ്. 
വിവിധ രാജ്യങ്ങളില്‍നിന്നുള്ള അലങ്കാര വസ്തുക്കള്‍ ഇവിടെ മനോഹരമായി ഒരുക്കിയിരിക്കുന്നു. ചൈനയില്‍നിന്നുള്ള പേപ്പര്‍ അലങ്കാരങ്ങള്‍, ഇന്ത്യയില്‍നിന്നുള്ള അലങ്കാര വിളക്കുകള്‍, സ്പെയിനില്‍നിന്നുള്ള പെയിന്‍റിങ്ങുകള്‍... ഈ വീടിന്‍െറ ഭിത്തികള്‍ അലങ്കരിക്കുന്ന വസ്തുക്കളുടെ നിര നീളുകയാണ്. 
കല്ലുകളും മുത്തുകളും കൊണ്ടെല്ലാം തീര്‍ത്ത ആഭരണങ്ങളും നാദിയയുടെ പെയിന്‍റിങ്ങുകളും രൂപഭംഗിവരുത്തിയ ഫര്‍ണിച്ചറുകളും വേറിട്ട അലങ്കാരമായി ഉണ്ട്. ബിസിനസുകാരനാണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.