ദോഹ: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ ശിവ ഥാപ്പയും വികാസ് കൃഷ്ണനും ഖത്തറിന്‍െറ ഹകന്‍ എര്‍സെകറും ക്വാര്‍ട്ടര്‍ ഫൈനലില്‍. അല്‍ സദ്ദിലെ അലി ബിന്‍ ഹമദ് അല്‍ അത്വിയ്യ അറീനയില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ രണ്ട് റൗണ്ടിലും പിന്നില്‍നിന്നശേഷമായിരുന്നു ശിവ ഥാപ്പയുടെ തിരിച്ചുവരവ്. മൊറോക്കോയുടെ മുഹമ്മദ് ഹാമൗതിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍ ഇടംനേടിയത്. ആദ്യ രണ്ട് റൗണ്ടിലും മൊറോക്കന്‍ താരത്തിനായിരുന്നു മുന്‍തൂക്കം. നിര്‍ണായകമായ മൂന്നാം റൗണ്ടില്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ശിവ ഥാപ്പ 26ാം സെക്കന്‍ഡില്‍ എതിരാളിയെ ഇടിച്ചുവീഴ്ത്തി. ശിവയുടെ പഞ്ചില്‍ നിലംപരിശായി വീണ ഹാമൗത് റിങ്ങില്‍നിന്ന് പുറത്തുപോകുകയായിരുന്നു. ശിവയുടെ അതിശക്തമായ ഇടംകൈയന്‍ പഞ്ചാണ് ഹാമൗതിനെ വീഴ്ത്തിയത്. ഇടിയേറ്റ് റിങ്ങില്‍ വീണ ഹാമൗത്തിന് എഴുന്നേല്‍ക്കാനായില്ല. ആദ്യറൗണ്ടില്‍ ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിയെഴുത്ത് മൊറോക്കന്‍ താരത്തിന് അനുകൂലമായിരുന്നു. രണ്ടാം റൗണ്ടില്‍ ശക്തമായ കൗണ്ടര്‍ പഞ്ചുകളിലൂടെ മത്സരം ശിവ തുല്യതയിലാക്കി. നിര്‍ണായകമായ മൂന്നാം റൗണ്ടിലാണ് മൊറോക്കാന്‍ താരത്തിന് ആഘാതമേല്‍പ്പിച്ച ഇടംകൈയന്‍ പഞ്ചുണ്ടായത്. 2010 യൂത്ത് ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയിട്ടുണ്ട് അസം സ്വദേശിയായ ശിവ ഥാപ്പ. പോളണ്ടിന്‍െറ ജബ്ലോന്‍സ്കി തൊമാസിനെയാണ് വികാസ് കൃഷ്ണന്‍ പരാജയപ്പെടുത്തിയത്. കൗണ്ടര്‍ അറ്റാക്കിന് മുന്‍തൂക്കം നല്‍കിയാണ് വികാസ് കൃഷ്ണ പോളിഷ് എതിരാളിയെ നേരിട്ടത്. ആദ്യ രണ്ട് റൗണ്ടിലും കൃത്യമായ പഞ്ചുകളിലൂടെ എതിരാളിയുടെ മേല്‍ മേധാവിത്വം സ്ഥാപിക്കാന്‍ വികാസിനായിരുന്നു. എന്നാല്‍, മൂന്നാം റൗണ്ടില്‍ പോളിഷ് താരം മുന്‍തൂക്കം നേടി. എന്നാല്‍ റൗണ്ടുകളിലെ മുന്‍തൂക്കത്തില്‍ വികാസ് വിജയിക്കുകയായിരുന്നു. 2011ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് വികാസ്. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച ഖത്തറിന്‍െറ ഹകന്‍ എര്‍സെകര്‍ ഇന്നലെ പ്രീക്വാര്‍ട്ടറില്‍ വനാതുവിന്‍െറ ബോ വറവറയെയാണ് കീഴ്പ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു റൗണ്ടുകള്‍ക്കാണ് ഖത്തര്‍ താരത്തിന്‍െറ വിജയം. ശനിയാഴ്ച ആരംഭിക്കുന്ന ക്വാര്‍ട്ടറില്‍ ശിവ ഥാപ്പയുടെ എതിരാളി ഹകന്‍ എര്‍സെകറാണ്. അതേസമയം, വികാസ് കൃഷ്ണന്‍ ക്വാര്‍ട്ടറില്‍ ഈജിപ്തിന്‍െറ ഹൊസാം അബ്ദിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.