അബൂദബി: ആഭ്യന്തര മന്ത്രാലയം അടുത്തിടെ തുടങ്ങിയ ഓണ്‍ലൈന്‍ വിസ സേവനത്തിനായി നല്‍കുന്ന കരുതല്‍ നിക്ഷേപം ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും വഴി തിരിച്ചുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. വിസയെടുത്തയാള്‍ കാലാവധിക്കുശേഷം രാജ്യംവിട്ടാല്‍ സ്വമേധയാ പണം അക്കൗണ്ടിലത്തെുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നടപടിക്രമങ്ങള്‍ ലളിതമാക്കിയതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് ആഭ്യന്തരമന്ത്രാലയം ചെയ്തിരിക്കുന്നതെന്ന് ആക്ടിങ് അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹാരിബ് അല്‍ ഖൈലാലി പറഞ്ഞു. സ്വദേശിയോ റെസിഡന്‍റ്സ് വിസയുള്ളയാളോ സ്പോണ്‍സര്‍ ചെയ്യുന്ന 30, 90 ദിവസ സന്ദര്‍ശക വിസക്കാണ് കരുതല്‍ നിക്ഷേപം നല്‍കേണ്ടത്. ആഭ്യന്തരമന്ത്രാലയത്തിന്‍െറ വെബ്സൈറ്റ് വഴിയോ സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷനിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം. കരുതല്‍ നിക്ഷേപം ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ അടക്കാം. വിസ എടുത്തയാള്‍ കാലാവധിക്കുശേഷം രാജ്യം വിട്ടാലോ അപേക്ഷ തള്ളിയാലോ പണം ഇതേ അക്കൗണ്ടിലേക്ക് തിരികെ നല്‍കും. നിശ്ചിത കാലാവധിക്കുശേഷം രാജ്യത്ത് തങ്ങി നിയമലംഘനം നടത്തിയാല്‍ കരുതല്‍ നിക്ഷേപം തിരികെ നല്‍കില്ല.
സ്മാര്‍ട്ട് ഗവണ്‍മെന്‍റ് പദ്ധതിയുടെ ഭാഗമായാണ് മന്ത്രാലയം കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തിവരുന്നത്. സേവനങ്ങള്‍ സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക് മന്ത്രാലയത്തെ അറിയിക്കാം. 8005000 എന്ന ടോള്‍ ഫ്രീ നമ്പറും smart@moi.gov.ae എന്ന ഇ-മെയിലും ഇതിനായി ഉപയോഗിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.