മസ്കത്ത്: ഒമാനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയായി. രണ്ടു ഭാഗത്തെയും ചെക്പോസ്റ്റുകളുടെയും ഇമിഗ്രേഷന്‍ കേന്ദ്രങ്ങള്‍ അടക്കം കെട്ടിടങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയായിവരികയാണെന്നും സൗദിയിലെ ഒമാന്‍ അംബാസഡര്‍ അഹമ്മദ് ഹിലാല്‍ അല്‍ ബുസൈദിയെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കും. നേരത്തേ, റോഡ് ഒക്ടോബറില്‍ തുറന്നുകൊടുക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാലാണ് ഉദ്ഘാടനം വൈകുന്നതെന്നും അംബാസഡര്‍ പറഞ്ഞു.
റോഡ് എന്‍ജിനീയറിങ് രംഗത്തെ വിസ്മയങ്ങളില്‍ ഒന്നായി വിലയിരുത്തുന്നതാണ് ഒമാന്‍- സൗദി ഹൈവേ. ലോകത്തെ ഏറ്റവും വലിയ മണല്‍ക്കാടായ റുബുഉല്‍ ഖാലി വഴി നിര്‍മിച്ചിരിക്കുന്ന റോഡിന് 726 കിലോമീറ്ററാണ് ദൈര്‍ഘ്യം. റോഡ് തുറക്കുന്നതോടെ ഒമാന്‍- സൗദി യാത്രയില്‍ എണ്ണൂറ് കിലോമീറ്ററോളം ലാഭിക്കാം. നിലവില്‍ യു.എ.ഇ വഴിയാണ് ഒമാനില്‍നിന്നുള്ളവര്‍ സൗദി അറേബ്യയിലേക്ക് പോകുന്നത്.
കാറ്റില്‍ ഇടക്കിടെ രൂപംമാറുന്ന ജനവാസമില്ലാത്ത ലോകത്തെ ഏറ്റവും വലിയ മണല്‍ക്കാടാണ് റുബുഉല്‍ ഖാലി. 130 ദശലക്ഷം ഘന അടി മണല്‍ നീക്കംചെയ്താണ് ഹൈവേ നിര്‍മിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയായ അല്‍ അഹ്സയില്‍ നിന്ന് റുബുഉല്‍ ഖാലി വഴി ഒമാന്‍ അതിര്‍ത്തിയിലത്തെുന്ന റോഡിന്‍െറ നിര്‍മാണത്തിന് സൗദി അറേബ്യ 1.6 ശതകോടി റിയാലാണ് ചിലവഴിച്ചിരിക്കുന്നത്.
ഒമാന്‍ ഭാഗത്തെ റോഡ് ഇബ്രി വിലായത്തിലെ തന്‍ആം മേഖലയില്‍നിന്ന് റുബുഉല്‍ ഖാലിയിലെ സൗദി അതിര്‍ത്തി വരെയാണ് ഒമാനിലെ റോഡ്. എണ്ണപ്പാടങ്ങള്‍ക്ക് സമീപത്തുകൂടിയാണ് ഒമാന്‍ അതിര്‍ത്തിയിലെ റോഡ് പോകുന്നത്. 200 ദശലക്ഷം റിയാലാണ് ഒമാന്‍ ഭാഗത്തെ റോഡിന് ചെലവായത്. ഒമാന്‍ അതിര്‍ത്തിയില്‍നിന്ന് അല്‍ ശിബ വരെ 247 കിലോമീറ്റര്‍ റോഡും ഇവിടെനിന്ന് ഹറദ് ബത്താ റോഡ് വരെയുള്ള 319 കിലോമീറ്ററുമാണ് സൗദി അറേബ്യയിലൂടെ കടന്നുപോകുന്നത്. ഇവിടെനിന്ന് അല്‍ ഖര്‍ജ് വഴി റിയാദിലേക്ക് പോകാം.
ഒമാന്‍െറ ഭാഗത്തെ റോഡ് നിര്‍മാണം 2013ല്‍ പൂര്‍ത്തിയാക്കിയിരുന്നു. പക്ഷേ, സൗദിയിലെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയമെടുത്തു. നിര്‍മാണരംഗത്തെ വെല്ലുവിളികളായിരുന്നു പ്രധാനകാരണം. ആറുലക്ഷത്തിലധികം സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള റുബുഉല്‍ ഖാലിയിലൂടെയുള്ള നിര്‍മാണം വെല്ലുവിളി നിറഞ്ഞതായിരുന്നു. മണല്‍ക്കൂനകള്‍ വാരിമാറ്റിയായിരുന്നു റോഡ് നിര്‍മാണം. മണല്‍ക്കൂനകള്‍ക്കിടയില്‍ പാലങ്ങളും മറ്റും നിര്‍മിച്ചിട്ടുണ്ട്. 26 പിരമിഡുകളുടെ വലുപ്പത്തിന് തുല്യമായ മണലാണ് റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി മാറ്റിയതെന്ന് സൗദി ഭാഗത്തെ കരാറുകാരില്‍ ഒന്നായ അല്‍ റോസാന്‍ അറിയിച്ചു. മണ്ണുമാന്തി, മോട്ടോര്‍ ഗ്രേഡറുകള്‍ തുടങ്ങി 95ഓളം വാഹനങ്ങളും നിര്‍മാണ ഉപകരണങ്ങളുമാണ് ഉപയോഗിച്ചത്. റോഡ് സൗദി-ഒമാന്‍ വാണിജ്യരംഗത്തും ടൂറിസം മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ ബുസൈദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം വര്‍ധിക്കുന്നതിനിനൊപ്പം നിക്ഷേപസാധ്യതകളും വര്‍ധിക്കും. രണ്ട് രാജ്യങ്ങളിലെയും വിനോദസഞ്ചാര മേഖലക്കും പുതിയ റോഡ് ഉണര്‍വാകുമെന്ന് അംബാസഡര്‍ പറഞ്ഞു. ഹജ്ജ്, ഉംറ യാത്രികര്‍ക്കും പുതിയ റോഡ് ഉപകാരപ്രദമാകും. നിലവില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ഹജ്ജ്, ഉംറ തീര്‍ഥാടകരാണ് ഒമാനില്‍നിന്ന് സൗദിയിലേക്ക് പോകുന്നത്. കന്നുകാലികളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വ്യാപാരം സൗദിക്കും ഒമാനും നേട്ടമാകും. ജി.സി.സി ചാര്‍ട്ടര്‍ പ്രകാരമുള്ള കുറഞ്ഞ നികുതിയും ഉഭയകക്ഷി വാണിജ്യത്തില്‍ ഉണര്‍വാകും. ഒമാന്‍ ഭാഗത്ത് നിര്‍ദിഷ്ട ജി.സി.സി റെയില്‍പാതക്ക് സമീപത്ത് കൂടിയാണ് റോഡ് കടന്നുപോകുന്നത്.
സൊഹാര്‍ തുറമുഖത്ത് എത്തുന്ന സാധനങ്ങള്‍ സുഗമമായി കൊണ്ടുപോകുന്നതിന് സൊഹാറില്‍നിന്ന് ഹൈവേയുമായി ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിക്കാനും പദ്ധതിയുണ്ട്. നിലവില്‍ യു.എ.ഇ വഴിയാണ് ഇവിടെയത്തെുന്ന സാധനങ്ങള്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നത്. സൗദിയില്‍നിന്ന് യമനിലേക്കും ഇറാനിലേക്കുമുള്ള ചരക്കുനീക്കത്തിനും പുതിയ ഹൈവേ വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.