ലോകം ഒമാന്‍െറ വാക്കുകള്‍ക്ക് കാതോര്‍ത്ത വര്‍ഷം

മസ്കത്ത്: സമാധാനത്തില്‍ അധിഷ്ഠിതമായ ഒമാന്‍െറ വിദേശനയങ്ങള്‍ക്ക് ലോകത്തിന്‍െറ അംഗീകാരം ലഭിച്ച വര്‍ഷമാണ് കഴിഞ്ഞുപോകുന്നത്. ഇറാനും വന്‍ശക്തിരാഷ്ട്രങ്ങളും തമ്മിലെ ആണവക്കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഒമാന്‍െറ ശ്രമങ്ങളെ കരാറിന് പ്രാഥമിക രൂപമായതിനെ തുടര്‍ന്ന് ലോകം കൈയടികളോടെയാണ് വരവേറ്റത്. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ സിറിയ, യമന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലും ഒമാന് മാസ്റ്റര്‍റോളുണ്ട്. കഴിഞ്ഞവര്‍ഷത്തെ മാര്‍ച്ച് 24 ഒമാന്‍െറ ചരിത്രത്തിലെ സുപ്രധാന ദിനമായിരുന്നു. എട്ടു മാസത്തെ ചികിത്സക്കുശേഷം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മാതൃരാജ്യത്തേക്ക് തിരിച്ചുവന്ന സുദിനം. സുല്‍ത്താന്‍െറ വരവില്‍ നാടും നഗരവും ആനന്ദനൃത്തം ചവിട്ടി. തിരിച്ചത്തെിയശേഷം സൈനികമ്യൂസിയത്തിന്‍െറ ശിലാസ്ഥാപനം, ദേശീയദിനാഘോഷം എന്നിവയില്‍ ഊര്‍ജസ്വലതയോടെ സുല്‍ത്താന്‍ പ്രത്യക്ഷപ്പെട്ടത് ജനങ്ങള്‍ ഏറെ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. സുല്‍ത്താന്‍െറ തിരിച്ചുവരവില്‍ ആഹ്ളാദംപ്രകടിപ്പിച്ച് 45ാമത് ദേശീയദിനം ആഘോഷനിറവിലാണ് കൊണ്ടാടിയത്. സംഘര്‍ഷങ്ങളിലൂടെയല്ല മറിച്ച് സമാധാനചര്‍ച്ചകളിലൂടെ ഏതൊരു പ്രശ്നത്തിനും പരിഹാരം കാണാമെന്നാണ് ഒമാന്‍ നിലപാട്. മേഖലയിലെ സംഘര്‍ഷങ്ങളിലും തര്‍ക്കവിഷയങ്ങളിലും പക്ഷംപിടിക്കാതെ നില്‍ക്കുന്നതിനാല്‍ എല്ലാ രാഷ്ട്രങ്ങളുമായും ഒരേ ബന്ധമാണുള്ളത്. ഇറാനുമായും യമനിലെ വിമതവിഭാഗമായ ഹൂതികളുമായും സിറിയയിലെ ബശ്ശാ അല്‍അസദ് സര്‍ക്കാറുമായും ഒപ്പം അമേരിക്കയടക്കം വന്‍ശക്തി രാഷ്ട്രങ്ങളുമായും ഒമാന്‍ ഊഷ്മളബന്ധം കാത്തുസൂക്ഷിക്കുന്നു. ഈ ബന്ധത്തിന്‍െറ ഉറപ്പില്‍ ഇറാനെയും അമേരിക്കയടക്കം വന്‍ശക്തി രാഷ്ട്രങ്ങളെയും ആണവചര്‍ച്ചക്ക് ഒരുമിച്ചിരുത്താന്‍ ഒമാന് കഴിഞ്ഞു. സുല്‍ത്താന്‍ പ്രത്യേക താല്‍പര്യമെടുത്ത് ആരംഭിച്ച ആണവ നിരായുധീകരണ ചര്‍ച്ച ഈ വര്‍ഷമാണ് ഫലപ്രാപ്തിയിലത്തെിയത്. 2014 നവംബറില്‍ ചര്‍ച്ചകള്‍ക്ക് മസ്കത്തില്‍ സൗകര്യമൊരുക്കിയിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ ഒമാന്‍ കാര്യമാത്ര പ്രസക്തമായ ഇടപെടല്‍ നടത്തിയിരുന്നു. ഒടുവില്‍ ആണവ നിരായുധീകരണത്തില്‍ പ്രാഥമിക ധാരണയായത് സമാധാനത്തിന്‍െറ നാടിനും വിശിഷ്യാ സുല്‍ത്താന്‍ ഖാബൂസിനും പൊന്‍തൂവലായി. യമനില്‍ ഹൂതികള്‍ക്കെതിരെ പോരാടുന്ന സഖ്യസേനയില്‍ അംഗമല്ലാത്ത ഏക അറബ് രാഷ്ട്രമാണ് ഒമാന്‍. ആയുധങ്ങളല്ല മറിച്ച് നയതന്ത്ര, രാഷ്ട്രീയപരിഹാരങ്ങളാണ് യമന്‍ പ്രശ്നപരിഹാരത്തിന് വേണ്ടതെന്നും സംഘര്‍ഷാവസ്ഥ തുടരുന്നത് മേഖലയെ ബാധിക്കുമെന്നുമാണ് ഒമാന്‍െറ നിലപാട്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള യമന്‍ പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്ക് ഒമാന്‍ സജീവപങ്കാളിത്തം വഹിക്കുന്നുണ്ട്. അമേരിക്കയും ജി.സി.സി പ്രതിനിധികളും ഇറാന്‍ സര്‍ക്കാര്‍ പ്രതിനിധികളും ഹൂതി നേതാക്കളുമായുള്ള ഒറ്റക്കും കൂട്ടായുമുള്ള ചര്‍ച്ചകള്‍ മസ്കത്തില്‍വെച്ച് നടന്നിരുന്നു. ഹൂതികള്‍ കസ്റ്റഡിയിലെടുത്ത ജി.സി.സി പൗരന്മാര്‍ അടക്കമുള്ളവരെ ഒമാന്‍െറ ഇടപെടലില്‍ വിട്ടയച്ചു. യമന്‍ പ്രശ്നപരിഹാരം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക്  സൗദി വിദേശകാ ര്യമന്ത്രി ആദില്‍ ജുബൈര്‍ അടുത്തിടെ മസ്കത്തില്‍ എത്തിയിരുന്നു. സിറിയന്‍വിഷയത്തിലും പ്രശംസാര്‍ഹമായ ഇടപെടലാണ് സുല്‍ത്താനേറ്റ് നടത്തുന്നത്. ആണവ നിരായുധീകരണ ചര്‍ച്ച വിജയിച്ചതോടെ സിറിയന്‍ പ്രശ്നപരിഹാരത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് മുഅല്ലം ആണ് ആദ്യമായി ഒമാന്‍ സന്ദര്‍ശിച്ചത്. തുടര്‍ന്ന് സിറിയന്‍ പ്രതിപക്ഷനേതാവ് ഖാലിദ് ഖോജയും മസ്കത്തിലത്തെി. ഇരുവിഭാഗവും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ഡമസ്കസിലത്തെി സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിറിയന്‍യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് ഒരു അറബ്രാഷ്ട്ര നേതാവ് സിറിയ സന്ദര്‍ശിച്ചത്. പ്രശ്നപരിഹാരത്തിന് ഇരുവിഭാഗങ്ങളെയും ഒരുമേശക്ക് ഇരുവശവും ഇരുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഒമാന്‍ നടത്തുന്നത്. ഇറാനെയും സഹകരിപ്പിച്ച് സിറിയന്‍സര്‍ക്കാറിന്‍െറ പരമാധികാരത്തെ മാനിച്ചുള്ള ചര്‍ച്ചകളിലൂടെയാണ് സിറിയയില്‍ ശാശ്വത സമാധാനം കൊണ്ടുവരാന്‍ കഴിയൂവെന്നാണ് ഒമാന്‍െറ നിലപാട്. അറബിക്കടലില്‍ രൂപംകൊണ്ട ചപല, മേഘ് ചുഴലി കൊടുങ്കാറ്റുകള്‍ ഏറെ ദിവസങ്ങളോളം വാര്‍ത്തകളുടെ തലക്കെട്ടില്‍ ഇടംപിടിച്ചിരുന്നു. സലാല തീരത്ത് ദുരന്തം വിതക്കുമെന്ന് കരുതിയിരുന്ന ‘ചപല’യെ നേരിടാന്‍ യുദ്ധസമാന അന്തരീക്ഷമാണ് സര്‍ക്കാറൊരുക്കിയത്. എന്നാല്‍, കാറ്റ് യമന്‍തീരത്തേക്ക് വഴിമാറിപ്പോയി. തൊട്ടുപിന്നാലെ രൂപപ്പെട്ട മേഘ് ചുഴലിക്കാറ്റും ഒമാനില്‍ ചെറിയ ആശങ്കവിതച്ചിരുന്നു. എണ്ണവിലയിടിവിനെ തുടര്‍ന്ന് രാഷ്ട്രത്തിന്‍െറ സമ്പദ്ഘടനക്കുണ്ടാകുന്ന ആഘാതങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ജനുവരി പകുതിയോടെ ഇന്ധനവില നിയന്ത്രണംനീക്കി ആഗോളവിപണിക്ക് അനുസൃതമായി വില നിശ്ചയിക്കുന്നതിനുള്ള തീരുമാനമാണ് ഏറ്റവുമൊടുവില്‍ മന്ത്രിസഭാ കൗണ്‍സില്‍ കൈക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം വിവിധ സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എണ്ണവിലയിടിവ് തുടരുന്ന പക്ഷം കടുത്ത നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും ഇത് പ്രവാസികളുടെ ജീവിതം ദുസ്സഹമാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കമ്പനികളുടെ വരുമാനനികുതി 13ല്‍നിന്ന് 15 ശതമാനമാക്കി ഉയര്‍ത്താനുള്ള തീരുമാനവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. 30,000 റിയാല്‍വരെ വരുമാനമുള്ള കമ്പനികള്‍ക്ക് നേരത്തേ നികുതി നല്‍കേണ്ടിയിരുന്നില്ല. എന്നാല്‍, എല്ലാ കമ്പനികളെയും നികുതിപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭാ തീരുമാനമെന്നും സൂചനയുണ്ട്. എണ്ണമേഖലയില്‍ ജോലി ചെയ്യുന്ന നിരവധി പ്രവാസികള്‍ ജോലി നഷ്ടപ്പെടുന്നതിന്‍െറ ഭീതിയിലുമാണ്. ജെ.എസ്. മുകളിന് പകരം പുതിയ ഇന്ത്യന്‍ അംബാസഡറായി ഇന്ദ്രമണി പാണ്ഡെ ചുമതലയേറ്റത് ഈ വര്‍ഷമാണ്. ഇന്ത്യയും ഒമാനും തമ്മിലെ നയതന്ത്ര സഹകരണത്തിന്‍െറ 60ാം വാര്‍ഷികവും 2015ലായിരുന്നു. നിരവധി പരിപാടികളാണ് ഇതിന്‍െറ ഭാഗമായി സംഘടിപ്പിച്ചത്. ഇന്ത്യന്‍ നാവികസേനയിലെ വിവിധ കപ്പലുകള്‍ മസ്കത്തിലും സലാലയിലും സന്ദര്‍ശനം നടത്തി. സംയുക്ത സേനാ പരിശീലനത്തിനൊപ്പം വിവിധ മേഖലകളിലെ യോജിപ്പിന്‍െറ വഴികള്‍ തേടിയുള്ള ചര്‍ച്ചകളും നടന്നു. നൂറ്റാണ്ട് പഴക്കമുള്ള കടല്‍വാണിജ്യത്തിന്‍െറ ഓര്‍മപുതുക്കി ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് തരംഗിണിയും ശബാബ് ഒമാന്‍ എന്ന നാവികസേനാ കപ്പലും കൊച്ചിയിലേക്ക് യാത്ര നടത്തിയത് അടുത്തിടെയാണ്. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ വസ്ത്രപ്രദര്‍ശനവും ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചിരുന്നു. ഒമാനികള്‍ ചികിത്സക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യമെന്നനിലക്ക് മെഡിക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഒമാനില്‍ തുടങ്ങാന്‍ ഇരിക്കുന്ന മെഡിസിറ്റി അടക്കമുള്ള പദ്ധതികളില്‍ നിക്ഷേപമിറക്കാന്‍ ഇന്ത്യക്ക് അവസരമുണ്ടാകും. സൊഹാര്‍, സലാല ഫ്രീസോണുകളിലും കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപത്തിന് മുന്നോട്ടുവന്നിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരദാന ചടങ്ങിലും ഒമാന്‍െറ പ്രാതിനിധ്യമുണ്ടായിരുന്നു. ദീര്‍ഘകാല പ്രവാസിയും വ്യാപാരപ്രമുഖനുമായ ആര്‍.എം. പരേഖാണ് പുരസ്കാരത്തിന് അര്‍ഹനായത്. പൊതുമാപ്പാണ് മറ്റൊരു പ്രധാന സംഭവം. മേയ് മുതല്‍ ജൂലൈവരെയാണ് ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്. പിന്നീടിത് മൂന്നു മാസംകൂടി നീട്ടി. ഇന്ത്യക്കാരടക്കം 23,653 പേരാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. താമസ-കുടിയേറ്റനിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം. എണ്ണവിലയിടിവ് പടര്‍ത്തുന്ന ആശങ്കകള്‍ക്കിടയിലും ശുഭാപ്തിവിശ്വാസത്തോടെയാണ് ഒമാന്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. സമ്പദ്ഘടനയില്‍ പ്രതിസന്ധികളുണ്ടെങ്കിലും ഒരുമിച്ചുനിന്ന് അത് മറികടക്കാമെന്നുള്ള ധനകാര്യമന്ത്രിയുടെ പ്രസ്താവന സര്‍ക്കാറിന്‍െറ നിശ്ചയദാര്‍ഢ്യത്തിന്‍െറ തെളിവാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.