മത്രസൂഖില്‍ പിടിച്ചുപറി; ബംഗ്ളാദേശിയുടെ  പഴ്സും മൊബൈല്‍ ഫോണും കവര്‍ന്നു

മസ്കത്ത്: മത്രസൂഖില്‍ പിടിച്ചുപറിസംഘത്തിന്‍െറ വിളയാട്ടം. ബംഗ്ളാദേശി യുവാവിന്‍െറ പഴ്സും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. 
ഒരു മലയാളിയെ സംഘം തടഞ്ഞുനിര്‍ത്തിയെങ്കിലും കുതറിമാറി ഓടിരക്ഷപ്പെട്ടു. മറ്റൊരു മലയാളിക്ക് സംഘത്തിന്‍െറ മര്‍ദനമേറ്റിട്ടുമുണ്ട്. ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സൂഖിലെ വെളിച്ചമില്ലാത്ത വിജനമായ ഗല്ലിയിലൂടെ നടന്നുവരുമ്പോഴാണ് മൂന്നംഗസംഘം ബംഗ്ളാദേശ് സ്വദേശിയെ തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തിയത്. രണ്ടുപേര്‍ കൈകള്‍ പിടിച്ചുവെച്ചശേഷം മൂന്നാമന്‍ പഴ്സും മൊബൈലും കൈവശപ്പെടുത്തുകയായിരുന്നു. 
ബംഗ്ളാദേശ് സ്വദേശി വരുന്നതിനുമുമ്പ് അതുവഴി കടന്നുപോയ കണ്ണൂര്‍ ആടൂര്‍ സ്വദേശി ഷറഫുവിനെയും സംഘം പിടിച്ചുപറിക്കാന്‍ ശ്രമിച്ചിരുന്നു. തടഞ്ഞുവെച്ചവരെ തട്ടിമാറ്റി ബഹളംവെച്ച് ഓടിയതിനാലാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. ഫരീദ് എന്ന മലയാളി ഡ്രൈവറെയും സംഘം പിടികൂടി മര്‍ദിച്ചെങ്കിലും ഇയാളും കുതറിമാറി രക്ഷപ്പെട്ടു. കവര്‍ച്ചസംഘം കറങ്ങിനടക്കുന്നതായി ഇവര്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ പല മലയാളികളും ഗല്ലികളിലൂടെയുള്ള യാത്ര ഒഴിവാക്കി. 
മത്രസൂഖിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് ഭാഗത്തെ ഗല്ലികളില്‍ കടകളും ഗോഡൗണുകളും അടച്ചുകഴിഞ്ഞാല്‍ കൂരിരുട്ടാണ്. സ്ട്രീറ്റ്ലൈറ്റ് ഇല്ലാത്തതും കവര്‍ച്ചക്കാര്‍ക്ക് സൗകര്യമാകുന്നു. കടകള്‍ അടച്ചശേഷം പല മലയാളികളും എളുപ്പത്തിനായി ഗല്ലികളിലൂടെയാണ് പോകുന്നത്. 
കടയിലെ കലക്ഷനും ഫോണുമടങ്ങുന്ന വസ്തുക്കള്‍ നഷ്ടപ്പെടാതിരിക്കാന്‍ രാത്രി ഗല്ലികളിലൂടെയുള്ള യാത്ര ഒഴിവാക്കുകയാണ് നല്ലതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
കടകളിലെ സി.സി.ടി.വികളില്‍ കവര്‍ച്ചക്കാരുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കാമറയില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങളടക്കം മത്ര പൊലീസില്‍ പരാതി നല്‍കി. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സൂഖില്‍ ഇതുപോലെ കവര്‍ച്ചസംഘങ്ങള്‍ വിലസിയപ്പോള്‍ മലയാളികള്‍ ഇടപെട്ട് കൈകാര്യം ചെയ്തശേഷം പൊലീസിന് കൈമാറിയിരുന്നു. 
ഇതിനുശേഷം ഇത്തരം കേസുകള്‍ ഉണ്ടായിട്ടില്ളെന്ന് സാമൂഹികപ്രവര്‍ത്തകനായ നവാസ് കാസര്‍കോട് പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.