മസ്കത്ത്: ഭീകരതയെ നേരിടാന്‍ വിശാല ഇസ്ലാമിക സൈനികസഖ്യം രൂപവത്കരിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ ഒമാന്‍ സ്വാഗതം ചെയ്തു. ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിദേശകാര്യമന്ത്രാലയം സൗദി തീരുമാനത്തെ സ്വാഗതം ചെയ്തത്.
34 അറബ്, ഏഷ്യന്‍, ആഫ്രിക്കന്‍ രാഷ്ട്രങ്ങളടങ്ങിയ മുന്നണിയാണ് സൗദി നേതൃത്വത്തില്‍ രൂപവത്കരിച്ചത്. ജി.സി.സി രാഷ്ട്രങ്ങളില്‍ ഒമാന്‍ ഒഴികെയുള്ള രാഷ്ട്രങ്ങളെല്ലാം വിശാലസഖ്യത്തില്‍ അംഗങ്ങളാണെന്ന് സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
സൗദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് കഴിഞ്ഞദിവസം റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിശാല സൈനികസഖ്യം രൂപവത്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം സഖ്യം നിലകൊള്ളുമെന്നും സൗദി കിരീടാവകാശി അറിയിച്ചിരുന്നു.
ജോര്‍ഡന്‍, യു.എ.ഇ, പാകിസ്താന്‍, ബഹ്റൈന്‍, ബംഗ്ളാദേശ്, ബനിന്‍, തുര്‍ക്കി, ഛാദ്, ടുബേഗോ, തുനീഷ്യ, ജിബൂതി, സെനഗാള്‍, സുഡാന്‍, സിയറാ ലിയോണ്‍, സോമാലിയ, ഗബോണ്‍, ഗിനിയ, ഫലസ്തീന്‍, ഖമറൂസ്, ഖത്തര്‍, കോട്ഡീവ്വാ, കുവൈത്ത്, ലബനാന്‍, ലിബിയ, മാലദ്വീപ്, മാലി, മലേഷ്യ, ഈജിപ്ത്, മൊറോക്കോ, മോറിത്താനിയ, നൈജര്‍, നൈജീരിയ, യമന്‍ എന്നീ രാഷ്ട്രങ്ങളാണ് വിശാല സൈനികസഖ്യത്തിലെ അംഗങ്ങള്‍. ഒമാന്‍ പുരാതനകാലം മുതല്‍ സംഘര്‍ഷത്തിന് പകരം സമാധാനത്തെ പിന്തുണക്കുന്ന നയങ്ങളാണ് സ്വീകരിച്ചുവരുന്നതെന്ന് സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ഖാലിദ് ബിന്‍ സലീം അല്‍ സഈദി പറഞ്ഞു.
സമാധാനത്തിന്‍െറ സന്ദേശമുയര്‍ത്തുന്ന രാഷ്ട്രമായി ഒമാനെ സുല്‍ത്താന്‍ ഖാബൂസ് മാറ്റി. സുല്‍ത്താന്‍ അധികാരമേല്‍ക്കുന്ന കാലത്തിനുമുമ്പേ സമാധാനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയനിലപാടുകള്‍ ഒമാന്‍ കാത്തുസൂക്ഷിച്ചിരുന്നതായും ഡോ. ഖാലിദ് ബിന്‍ സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.