യമന്‍ സമാധാന ചര്‍ച്ച:  ഒമാന്‍െറ പങ്ക് പരമപ്രധാനം

മസ്കത്ത്: യമനിലെ ആഭ്യന്തര സംഘര്‍ഷത്തിന് അറുതിവരുത്തുന്നതിനായി ഡിസംബര്‍ 15ന് വിയനയില്‍ ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ ഒമാന്‍െറ പങ്ക് പ്രധാനം. 
ഹൂതികളും യമന്‍ സര്‍ക്കാറുമായുള്ള ചര്‍ച്ച ഫലപ്രാപ്തിയില്‍ എത്തുന്നതിന് അടിത്തറയൊരുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒമാന്‍ സര്‍ക്കാറിന്‍െറ അനുനയശ്രമങ്ങള്‍ക്ക് പ്രാധാന്യമേറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 
യമന്‍ പ്രശ്ന പരിഹാരത്തില്‍ ഐക്യരാഷ്ട്ര സഭയേക്കാള്‍ ശക്തമായ റോളാണ് ഒമാന് ഉള്ളതെന്ന് സന്‍ആയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന യമന്‍ പോസ്റ്റ് പത്രത്തിന്‍െറ എഡിറ്റര്‍ ഇന്‍ ചീഫ് ഹക്കീം അല്‍ മാസ്മാരിയെ ഉദ്ധരിച്ച് ഇംഗ്ളീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഏറെ ഭീഷണി ഉയര്‍ത്തുന്ന വിഭാഗമാണ് ഹൂതികള്‍. ഇവര്‍ക്ക് വിശ്വാസമുള്ള ഏക രാഷ്ട്രം ഒമാനാണ്. ഒമാന്‍െറ നടപടികള്‍ സുതാര്യമാണെന്ന് അവര്‍ കരുതുന്നു. ഒമാന്‍ അല്ലാതെ മറ്റേതൊരു രാഷ്ട്രം ഇടപെട്ടാലും പ്രശ്നപരിഹാരം വര്‍ഷങ്ങളോളം നീളുമെന്നും അദ്ദേഹം പറഞ്ഞു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂതികളും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ പ്രധാന രാഷ്ട്രമാണ് ഒമാന്‍. ജനീവ സമാധാന ചര്‍ച്ചയുടെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി ഹൂതികളുടെ വക്താവായ മുഹമ്മദ് അബ്ദുസ്സലാമും രണ്ടംഗ പ്രതിനിധി സംഘവും അടുത്തിടെ മസ്കത്തില്‍ എത്തിയിരുന്നു. 
യു.എന്‍ നിര്‍ദേശ പ്രകാരം സന്‍ആ അടക്കം പിടിച്ചടക്കിയ സ്ഥലങ്ങളില്‍നിന്ന് ഹൂതികള്‍ പിന്മാറണമെന്നും ആയുധങ്ങള്‍ വെച്ച് കീഴടങ്ങണമെന്നുമാണ് പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ പിന്തുണച്ച് പോരാട്ടം നടത്തുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ ആവശ്യം. എന്നാല്‍, ഈ ആവശ്യം ഹൂതികള്‍ തള്ളിയിരുന്നു. നേരത്തേ, ഹൂതികള്‍ തടവുകാരായി പിടിച്ച നിരവധി പേരെ മോചിപ്പിക്കുന്നതില്‍ ഒമാന്‍ പങ്കുവഹിച്ചിരുന്നു. സെപ്റ്റംബറില്‍ മൂന്നു സൗദി സ്വദേശികളെയും രണ്ട് അമേരിക്കക്കാരെയും ഒരു ബ്രിട്ടീഷ് സ്വദേശിയെയും ആഗസ്റ്റില്‍ ഫ്രഞ്ച് സ്വദേശിയെയും ഹൂതികള്‍ മോചിപ്പിച്ചിരുന്നു. 
ജൂണില്‍ അമേരിക്കന്‍ സ്വദേശിയെയും സിംഗപ്പൂര്‍ സ്വദേശിയെയുമാണ് ഒമാന്‍െറ ആവശ്യപ്രകാരം ഹൂതികള്‍ മോചിപ്പിച്ചത്. സൗദി നേതൃത്വത്തിലുള്ള സൈനിക നടപടിയില്‍ പങ്കുചേരാതെ മാറിനില്‍ക്കുന്ന രാഷ്ട്രമാണ് ഒമാന്‍. പോരാട്ടത്തിലൂടെയല്ല സമാധാന ചര്‍ച്ചയിലൂടെയാണ് യമന്‍ പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നാണ് ഒമാന്‍െറ നിലപാട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.