വ്യാപാര സാമ്രാജ്യം ഖത്തറിലേക്ക് വ്യാപിപ്പിക്കാന്‍ അംബാനി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തറിലേക്ക് ബിസിനസ് സാമ്രാജ്യം വ്യാപിപ്പിക്കാന്‍ റിലയന്‍സ് ഗ്രൂപ് ചെയര്‍മാന്‍ അനില്‍ അംബാനി. ദോഹ സന്ദര്‍ശിച്ച അംബാനി ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുമായും മന്ത്രിമാരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറയുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ഖത്തര്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കളെ കാണാന്‍ പോയത്. ധനകാര്യമന്ത്രി അലി ശരീഫ് അല്‍ ഇമാദി, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി സി.ഇ.ഒ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സഊദ് ആല്‍ഥാനി, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് ആല്‍ഥാനി, ഖത്തര്‍ പെട്രോളിയം പ്രസിഡന്‍റ് ആന്‍ഡ് സി.ഇ.ഒ സാദ് ശരീദ അല്‍ കഅബി എന്നിവരുമായും അംബാനി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ പ്രമുഖ ബിസിനസുകാരുമായും വ്യാപാരികളുമായും അദ്ദേഹം ചര്‍ച്ച നടത്തി. ദോഹ ബാങ്ക് ഗ്രൂപ് സി.ഇ.ഒ ഡോ. സീതാരാമന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അംബാനി വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തിയത്. 
ഖത്തര്‍ എയര്‍വേസ് ഗ്രൂപ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. അംബാനിയും ഖത്തര്‍ നേതാക്കളും വ്യാപാര പ്രമുഖരുമായുമുള്ള ചര്‍ച്ചയില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറയും പങ്കെടുത്തു. ചര്‍ച്ചയില്‍ റിലയന്‍സ് ഗ്രൂപ്പിന്‍െറ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ച അംബാനി, ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാകുന്ന ബിസിനസ് വ്യാപനത്തിനുള്ള താല്‍പര്യം അറിയിക്കുകയും ചെയ്തു. റിലയന്‍സ് ഗ്രൂപ്പിന്‍െറ ബിസിനസ് മുന്നേറ്റത്തെക്കുറിച്ച് അംബാനിയില്‍നിന്ന് മനസ്സിലാക്കിയ ഖത്തര്‍ നേതാക്കള്‍ അദ്ദേഹത്തിന് സഹകരണം ഉറപ്പുനല്‍കി. ഖത്തറില്‍ ലഭിച്ച വരവേല്‍പിന് അംബാനി നന്ദി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.