കാര്‍ മറിഞ്ഞ് കാസര്‍കോട് സ്വദേശി മരിച്ചു

മസ്കത്ത്: സലാല- മസ്കത്ത് റൂട്ടില്‍ സദക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് പെരിയങ്ങാനം സ്വദേശി ജോയേല്‍ എന്ന മാത്യു (34) മരിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടം. മാത്യു ഓടിച്ച കാര്‍ താഴ്ചയിലേക്ക് വീണാണ് അപകടമുണ്ടായത്. 
അപകടസമയം കാറില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സലാലയില്‍നിന്ന് സദയിലേക്ക് വരുകയായിരുന്നു മാത്യു. അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സൂബിലെ വളവില്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 
തകര്‍ന്ന കാറില്‍നിന്ന് മാത്യുവിനെ രക്ഷപ്പെടുത്തി തൊട്ടടുത്ത ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സദ എം.ഒ.എച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് അല്‍ഫോണ്‍സ് ജോയേലാണ് ഭാര്യ. ചെറിയാനാണ് പിതാവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.