കുട്ടികളുടെ വേദനിക്കുന്ന കഥയുമായി മലയാളിയുടെ ഹ്രസ്വചിത്രം

മസ്കത്ത്: മനുഷ്യനും പ്രകൃതിയും സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ക്ക് ഏറ്റവുംകൂടുതല്‍ ഇരയാകുന്ന കുട്ടികളുടെ വേദനകള്‍ ചാലിച്ചെഴുതി ഒമാനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാളിയുമായ കബീര്‍ യൂസുഫ് ഒരുക്കിയ ‘ടു ബി ഓര്‍ നോട്ട് ടു ബി’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പെഷാവറിലെ സൈനിക സ്കൂള്‍ വെടിവെപ്പില്‍ 150ഓളം കുട്ടികള്‍ കൊല്ലപ്പെട്ട ദാരുണസംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രം കാഴ്ചക്കാരുടെ മനസ്സിനെ ഇളക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍െറ ആദ്യ പ്രദര്‍ശനം ബുധനാഴ്ച മസ്കത്തിലെ വാദി കബീറില്‍ പ്രൗഢമായ സദസ്സിന് മുന്നില്‍ നടന്നു. 
അലി എന്ന അന്ധനായ ബാലന്‍െറയും അവന്‍െറ നിലനില്‍പിനുള്ള പരിശ്രമങ്ങളുടെയും കഥയാണ് കബീര്‍ യൂസുഫ് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം പറയുന്നത്. പിതാവുമൊത്തുള്ള സലാല യാത്രക്കിടെയാണ് ഇന്ത്യന്‍-ഒമാനി രക്ഷാകര്‍ത്താക്കള്‍ക്ക് ജനിച്ച അലിയുടെ കാഴ്ചശക്തി നഷ്ടപ്പെടുന്നത്. വാഹനമോടിക്കുന്നതിനിടെ പിതാവ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് അപകടം സംഭവിക്കുകയായിരുന്നു. വാഹനാപകടത്തില്‍ പിതാവ് മരിക്കുകയും അലിയുടെ കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു. പിതാവിന്‍െറ മരണവും അലിയുടെ അന്ധതയും കുടുംബത്തെ നിത്യദുരിതത്തിലേക്കാണ് നയിച്ചത്. വേദനകള്‍ക്ക് ദൈവം പരിഹാരം നല്‍കുമെന്ന വാക്കുകളാണ് ഈ കുട്ടി എപ്പോഴും കേട്ടുകൊണ്ടിരുന്നത്. തുടര്‍ന്ന് ദാരിദ്ര്യത്തില്‍നിന്നും ദുരിതത്തില്‍നിന്നും രക്ഷപ്പെടുന്നതിന് ദൈവത്തിന് കത്തെഴുതി പോസ്റ്റ് ചെയ്യുന്നു. ഈ കത്ത് നല്ലവനായ ഒരു പോസ്റ്റ്മാന്‍െറ കൈകളിലാണ് എത്തുന്നത്. കത്ത് വായിച്ച പോസ്റ്റ്മാന്‍ വിവിധ ആളുകളുടെ സഹായത്തോടെ അലിയുടെ കുടുംബത്തിന് സഹായമത്തെിക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിയും കബീര്‍ യൂസുഫിന്‍െറ മകനുമായ റബാഹ് സായിദാണ് അലിയുടെ വേഷം അവിസ്മരണീയമാക്കിയത്. ഡോ. ജെ. രത്നകുമാര്‍, ഗിരിജ ബക്കര്‍, അസ്റ അലി, ചിത്രാ നാരായണന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളിലത്തെുന്നു. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിലെ 12ാം ക്ളാസ് വിദ്യാര്‍ഥിനിയായ ഗോപിക ഗംഗ നായരാണ് അലിക്ക് ശബ്ദം നല്‍കിയത്. 
പാകിസ്താനിലെ പെഷാവറില്‍ 150ഓളം കുട്ടികള്‍ ഭീകരരുടെ തോക്കിനിരയായ സംഭവമാണ് കുട്ടികളുടെ വേദനകളിലേക്ക് കാമറ ചലിപ്പിക്കാന്‍ തനിക്ക് പ്രേരണയായതെന്ന് കബീര്‍ യൂസുഫ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
മാനസികാഘാതത്തില്‍നിന്ന് രക്ഷപ്പെടാന്‍ അന്നത്തെ ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ രക്ഷാകര്‍ത്താക്കളോടൊപ്പം ലോകസഞ്ചാരം നടത്തിയിരുന്നു. ഒമാനിലും ഇവരത്തെി. ജോലിയുടെ ഭാഗമായി ഈ കുട്ടികളോട് അഭിമുഖം നടത്തിയപ്പോള്‍ ഒരുകുട്ടിയുടെ മുഖത്തും ചെറുപുഞ്ചിരിപോലും തെളിഞ്ഞില്ല. ഈ കുട്ടികളുടെ മുഖത്തെ വിഷമങ്ങളും സങ്കടങ്ങളുമാണ് ‘ടു ബി ഓര്‍ നോട്ട് ടു ബി’ എന്ന ചിത്രത്തിലേക്ക് നയിച്ചതെന്ന് കബീര്‍ യൂസുഫ് പറഞ്ഞു. ‘ഭാവലയ’ത്തിന്‍െറ ബാനറില്‍ ഡോ. ജെ. രത്നകുമാറാണ് ചിത്രം നിര്‍മിച്ചത്.
 ആദ്യ പ്രദര്‍ശനത്തില്‍ വിദ്യാഭ്യാസമന്ത്രാലയത്തിലെ കരിക്കുലം ഡെവലപ്മെന്‍റ് മേധാവി ഡോ. ശിഹാം അല്‍ റിയാമി മുഖ്യാതിഥിയായിരുന്നു. ഒമാനി സ്കൂളുകളില്‍ ഈ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുമെന്ന് ഡോ. ശിഹാം അല്‍ റിയാമി പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.