മസ്കത്ത്: ഒളിച്ചോടിയ തൊഴിലാളികെള കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിൽ മാനവ വിഭവശേഷി മന്ത്രാലയം മാറ്റം വരുത്തി. മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല അൽ ബക്രിയുടെ 270/2018ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരമാണ് പുതിയ നടപടിക്രമം പ്രാബല്യത്തിൽ വന്നത്.
ഇതുപ്രകാരം പരാതി നൽകുേമ്പാൾ മൂന്നുമാസത്തെ ശമ്പളം നൽകിയിട്ടുണ്ടെന്ന് തൊഴിലുടമ തെളിയിക്കണം. ഇതിനായി തൊഴിലാളിയെ കാണാതായ തീയതിക്കു മൂന്നുമാസം മുമ്പുവരെയുള്ള ബാങ്ക് സ്റ്റേറ്റ്മെൻറ് സമർപ്പിക്കണം. ഇതോടൊപ്പം, ഒരു മാസം അഞ്ചിലധികവും ഒരുവർഷം പത്തിലധികവും ഒളിച്ചോട്ടം സംബന്ധിച്ച പരാതികൾ ലഭിച്ചാൽ കമ്പനിയുടെ പ്രവർത്തനങ്ങൾ അന്വേഷണ വിധേയമാക്കും.
തൊഴിൽ നിയമ ലംഘനമോ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതടക്കം പ്രശ്നങ്ങൾ ഉണ്ടോയെന്നതാകും പരിശോധിക്കുക. തൊഴിൽ നിയമത്തിലെ ലംഘനം കണ്ടെത്തുന്ന പക്ഷം മന്ത്രാലയത്തിൽനിന്ന് കമ്പനിക്ക് ലഭിക്കുന്ന സേവനങ്ങൾ ഒരു വർഷത്തേക്ക് റദ്ദാക്കുമെന്നും ഞായറാഴ്ച ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവിൽ പറയുന്നു. ജോലിക്കെത്താതായ തീയതിക്കുമുമ്പ് തൊഴിലാളിയും തൊഴിലുടമയുമായി ക്രിമിനൽ അല്ലെങ്കിൽ കടബാധ്യതയുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടെങ്കിൽ സ്വകാര്യ കമ്പനികൾ വിദേശ തൊഴിലാളികളുടെ തൊഴിൽകരാർ റദ്ദാക്കിയതായി റിപ്പോർട്ട് ചെയ്യരുതെന്ന് ഉത്തരവിൽ പറയുന്നു. ഒളിച്ചോട്ടം മന്ത്രാലയത്തിൽ അറിയിക്കും മുമ്പ് തൊഴിലാളി രാജ്യം വിടുകയും ഇങ്ങനെ രാജ്യംവിട്ടത് തൊഴിലുടമക്ക് അറിയുകയും ചെയ്യാമെങ്കിൽ റിപ്പോർട്ടിങ് പാടില്ല.
തൊഴിലാളി നിയമപ്രകാരമുള്ള അവധിയിലാണെങ്കിലോ അല്ലെങ്കിൽ അനുവദനീയമായ മറ്റേതെങ്കിലും കാരണങ്ങൾ മൂലമോ ആണ് ജോലിക്ക് എത്താതിരിക്കുന്നതെങ്കിലും റിപ്പോർട്ടിങ് അനുവദനീയമല്ല. തൊഴിലാളിയുടെ രാജി തൊഴിലുടമ സ്വീകരിക്കുകയും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്താൽ 30 ദിവസത്തെ നോട്ടീസ് സമയത്തിനുള്ളിൽ പുതിയ തൊഴിലുടമയിലേക്ക് മാറണം.
ജോലിക്ക് എത്താതായി ഏഴുദിവസം കഴിഞ്ഞാൽ മാത്രമേ ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്യാൻ പാടുള്ളൂ. തൊഴിലാളിക്ക് റിപ്പോർട്ടിന്മേലുള്ള എതിർപ്പ് ഫയൽ ചെയ്യാൻ 60 ദിവസം വരെ സമയം ലഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.