കുവൈത്ത് സിറ്റി: ഉയരത്തിൽ കറങ്ങുന്ന യന്ത്ര ഊഞ്ഞാലും താഴേക്കു കുതിക്കുന്ന റൈഡുകളുമായി ശൈത്യകാലം ആഘോഷമാക്കാനും വിനോദം കൂടുതൽ ആഹ്ലാദകരമാക്കാനും വിന്റർ വണ്ടർലാൻഡ് ഒരുങ്ങുന്നു. ഷാബ് പാർക്കിൽ ഡിസംബർ ഒന്നുമുതൽ വിന്റർ വണ്ടർലാൻഡ് പ്രവർത്തനം ആരംഭിക്കുമെന്ന് ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലാണ് ഇവിടം സജ്ജീകരിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി 28 റൈഡുകൾ ഉണ്ടാകും. സാഹസികതയും കൗതുകവും ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവമായിരിക്കും റൈഡുകൾ നൽകുക.
കൂടാതെ, വിവിധ പ്രവർത്തനങ്ങൾക്കും പ്രദർശനങ്ങൾക്കുമായി 1,200 പേർക്ക് ഇരിക്കാവുന്ന തിയറ്ററും ഇതിന്റെ ഭാഗമാണ്. കല, വിനോദ പരിപാടികൾ, ഭക്ഷണ സ്റ്റാളുകൾ, ചെറു വിൽപനകേന്ദ്രങ്ങൾ എന്നിവയും വണ്ടർലാൻഡിന്റെ ഭാഗമായി ഒരുക്കും. കുടുംബത്തോടെ എത്തി വിനോദങ്ങളിൽ ഏർപ്പെട്ട് ആഹ്ലാദകരമായി മടങ്ങാമെന്നതാകും പ്രത്യേകത.
തയാറെടുപ്പുകൾ പെട്ടെന്ന് പൂർത്തിയാകുമെന്നും വികസന, വിനോദ പദ്ധതികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയതായും വിന്റർ വണ്ടർലാൻഡിന് ആതിഥേയത്വം വഹിക്കാൻ ഷാബ് പാർക്ക് സജ്ജമാണെന്നും ടി.ഇ.സി ചെയർമാൻ മുഹമ്മദ് അൽ സഖാഫ് പറഞ്ഞു. സൈറ്റ് തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ധനമന്ത്രി അബ്ദുൽ വഹാബ് അൽ റുഷൈദിന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ട് ഫലവത്തായ പ്രവർത്തനം നടത്തി. പദ്ധതി പൂർത്തിയാകുമ്പോൾ, വിനോദ പദ്ധതികൾ നടപ്പാക്കുന്നതിൽ മാതൃക സൃഷ്ടിക്കും. നാലുമാസത്തിൽ താഴെയാണ് പദ്ധതി പൂർത്തിയാക്കാൻ എടുത്ത സമയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.