കുവൈത്ത് സിറ്റി: രാജ്യത്ത് 22ാം നമ്പർ കുടുംബ വിസ അനുവദിക്കുന്നത് ഭാര്യക്കും കുട്ടികൾക്കും മാത്രമായി പരിമിതപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിലെ റസിഡൻഷ്യൻ–പാസ്പോർട്ട്കാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽ ജർറാഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ, വിദേശ ജോലിക്കാർക്ക് മാതാപിതാക്കൾ, സഹോദരീ– സഹോദരന്മാർ തുടങ്ങിയ അടുത്ത ബന്ധുക്കളെ കുടുംബ വിസയിൽ കുവൈത്തിലേക്ക് കൊണ്ടുവരാൻ സാധിക്കാതെയായി.
നിലവിൽ രക്ഷിതാക്കളും സഹോദരങ്ങളുമായി കുടുംബ വിസയിൽ കുവൈത്തിലുള്ള 11,500 പേർ ഈ നിയമത്തിെൻറ പരിധിയിൽവരും. ഇവർക്ക് കുടുംബ വിസ വീണ്ടും പുതുക്കിക്കൊടുക്കില്ല. അതേസമയം, ഇവരെ പ്രത്യേകം ബ്ലോക്കായി തിരിച്ച് പാസ്പോർട്ടുകളിൽ അടയാളപ്പെടുത്തും. ഈ വിഭാഗത്തിൽപ്പെട്ട കുടുംബ വിസയുടെ കാലാവധി തീരാറായവർ റസിഡൻഷ്യൽ ഡിപ്പാർട്ട്മെൻറ് മേധാവിയുടെ ഓഫിസുമായി ബന്ധപ്പെട്ട് തുടർനടപടി കൈക്കൊള്ളണം.
ഇങ്ങനെ വിസ തീർന്നവർക്ക് നാട്ടിലേക്ക് മടങ്ങാനാവശ്യമായ നടപടികൾക്കായി മൂന്നു മാസത്തെ താൽക്കാലിക ഇഖാമ അനുവദിക്കും. നിയമം പ്രാബല്യത്തിലായതോടെ ഇന്ത്യക്കാരുൾപ്പെടെ വിദേശികൾക്ക് ഭാര്യ, മക്കൾ എന്നിവരെ മാത്രമേ കുവൈത്തിലേക്ക് കുടുംബ വിസയിൽ കൊണ്ടുവരാൻ സാധിക്കൂ. അതോടൊപ്പം, ഇപ്പോൾ ഈ ആനുകൂല്യത്തിൽ രാജ്യത്ത് താമസിക്കുന്ന മലയാളികളുൾപ്പെടെ വിദേശികൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടതായും വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.