കുവൈത്ത് സിറ്റി: കുവൈത്തിനും ബഹ്റൈനും നേരെയുണ്ടായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ചു വിവിധ രാജ്യങ്ങൾ. ഇറാൻ ആക്രമണങ്ങളെയും ഹുർമുസ് കടലിടുക്കിലെ സുരക്ഷക്കും നാവിഗേഷൻ സ്വാതന്ത്ര്യത്തിനും നേരെയുള്ള ഭീഷണികളെയും സൗദി അറേബ്യ ശക്തമായി അപലപിച്ചു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും പുന:സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതും, അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും വ്യക്തമായ ലംഘനവുമാണ് ആക്രമണങ്ങളെന്നും സൗദി വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. കുവൈത്തിനും ബഹ്‌റൈനും പൂർണ ഐക്യദാർഢ്യം സൗദി അറേബ്യ ആവർത്തിച്ചു. പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിന് ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
ഇറാൻ ആക്രമണത്തെ യു.എ.ഇ അപലപിച്ചു. കുവൈത്തിന്റെയും ബഹ്‌റൈന്റെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഇതെന്നും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കുവൈത്തിനോടും ബഹ്‌റൈനിനോടുമുള്ള പൂർണ ഐക്യദാർഢ്യം യു.എ.ഇ ആവർത്തിച്ചു. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു.
ഇറാൻ ആക്രമണങ്ങളെ ഖത്തർ അപലപിച്ചു. ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണിതെന്ന് ഖത്തർ വിശേഷിപ്പിച്ചു. പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത് തടയുക, സംഭാഷണവും നയതന്ത്രവും പിന്തുടരുക, മേഖലാതലത്തിലും അന്തര്‍ദേശീയതലത്തിലും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കുക എന്നിവ പ്രധാനമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ആക്രമണങ്ങളെ ഒമാൻ ശക്തമായി അപലപിച്ചു. കുവൈത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാവുന്ന എല്ലാ നടപടികളെയും ഒമാൻ തള്ളിക്കളഞ്ഞു. മേഖലയിൽ സംഘർഷം വ്യാപിക്കാതിരിക്കാനും സമാധാനാന്തരീക്ഷം നിലനിർത്താനും എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും മുൻഗണന നൽകണമെന്നും ഒമാൻ അഭ്യർഥിച്ചു.
ഇറാൻ ആക്രമണത്തെ ഈജിപ്ത് ശക്തമായി അപലപിച്ചു. സംഘർഷങ്ങൾ സമാധാനപരമായി ലഘൂകരിക്കാനുള്ള പ്രാദേശിക ശ്രമങ്ങളെ ആക്രമണം ദുർബലപ്പെടുത്തുമെന്നും വിശേഷിപ്പിച്ചു. കുവൈത്തിനും ബഹ്‌റൈനും ഈജിപ്തിന്റെ പൂർണ ഐക്യദാർഢ്യവും ഇരു രാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും പ്രഖ്യാപിച്ചു.
ഇറാൻ ആക്രമണങ്ങളെ ജോർഡൻ അപലപിച്ചു. കുവൈത്തിനോടും ബഹ്‌റൈനിനോടുമുള്ള ജോർഡന്റെ പൂർണ ഐക്യദാർഢ്യം മന്ത്രാലയം ആവർത്തിച്ചു. ഇരു രാജ്യങ്ങളുടെയും പരമാധികാരം, സുരക്ഷ, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണക്കുന്നതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.