കുവൈത്ത് സിറ്റി: പ്രവാസികൾക്ക് അതത് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് പണമിടപാട് നടത്താവുന്ന യു.പി.ഐ സംവിധാനത്തിൽ കുവൈത്തിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം. ഇന്ത്യയിലെ വിവിധ ബില്ലുകൾ അടക്കുന്നതിനും പണമിടപാടുകൾക്കും ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് യൂനിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (യു.പി.ഐ). റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ സംവിധാനം, മൊബൈൽ വഴി രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിൽ പണം കൈമാറ്റം ചെയ്യാൻ ഉപകരിക്കുന്നു. നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച തൽക്ഷണ പേമെന്റ് സംവിധാനമായ യു.പി.ഐ 10 രാജ്യങ്ങളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ആദ്യ ഘട്ടത്തിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഉൾപ്പെട്ടിട്ടില്ല. പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുന്ന ഈ സംവിധാനത്തിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾ ഉന്നയിക്കുന്നത്. തുടക്കത്തിൽ സിംഗപ്പൂർ, ആസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, യു.എസ്.എ, സൗദി അറേബ്യ, യു.എ.ഇ, യു.കെ എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഈ സേവനം ലഭിക്കുന്നത്. ജി.സി.സിയിൽനിന്ന് ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ പട്ടികയിലുണ്ട്. എന്നാൽ, ഏറെ ഇന്ത്യക്കാരുള്ള കുവൈത്തും ബഹ്റൈനും പുറത്താണ്.
നോൺ റെസിഡന്റ് എക്സ്റ്റേണൽ (എൻ.ആർ.ഇ), നോൺ റെസിഡന്റ് ഓർഡിനറി (എൻ.ആർ.ഒ) അക്കൗണ്ടുകളിൽ നൽകിയ വിദേശ മൊബൈൽ നമ്പർ ഉപയോഗിച്ച് യു.പി.ഐ സേവനം പ്രയോജനപ്പെടുത്താനാകും. ഇത് പ്രവാസികൾക്ക് ഏറെ ഗുണകരമാണ്. പ്രവാസികൾ ഇന്ത്യയിൽ എത്തുമ്പോൾ എളുപ്പത്തിൽ പണമിടപാട് നടത്താനും സാധിക്കും. മറ്റു രാജ്യങ്ങളുടെ കാർഡുകൾ കൊണ്ടുനടക്കേണ്ട പ്രയാസവും ഒഴിവാകും. അടുത്ത ഘട്ടത്തിൽ കൂടുതൽ രാജ്യങ്ങളിൽ ഈ സേവനം വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകാതെ തന്നെ തങ്ങൾക്കും ഈ സൗകര്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഇവ വേഗത്തിലാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.