പരിശോധക സംഘം വൈദ്യുതി വിച്ഛേദിക്കുന്നു
കുവൈത്ത് സിറ്റി: സ്വദേശി റെസിഡൻഷ്യൽ സോണുകളിൽ അവിവാഹിതരായ വ്യക്തികൾ താമസിക്കുന്നതിനെതിരെ നടപടി തുടരുന്നു. നടപടിയുടെ ഭാഗമായി ഹവല്ലി ഗവർണറേറ്റിലെ അഞ്ച് ബാച്ചിലർ ഹൗസിങ് പ്രോപ്പർട്ടികളുടെ വൈദ്യുതി വിച്ഛേദിച്ചു. റുമൈത്തിയ, സൽവ, സാൽമിയ ഭാഗങ്ങളിലാണ് നടപടി.
വൈദ്യുതി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി സഹകരിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി ഹവല്ലി ഗവർണറേറ്റിലെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ അപ് പരിശോധനാ സംഘമാണ് നടപടി സ്വീകരിച്ചത്.
ഹൗസിങ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനുള്ള ഭാഗമായാണ് നടപടിയെന്നും സ്വദേശി റെസിഡൻഷ്യൽ സോണുകളിൽ അവിവാഹിതർ താമസിക്കുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ ഉണർത്തി. ഫീൽഡ് സന്ദർശനങ്ങൾ തുടരുകയാണെന്നും അറിയിച്ചു.
സ്വദേശി റെസിഡൻഷ്യൽ സോണുകളിലെ അവിവാഹിതരുടെ താമസം റിപ്പോർട്ട് ചെയ്ത് പരിശോധകസംഘത്തെ പിന്തുണക്കണമെന്ന് മുനിസിപ്പാലിറ്റി പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു. 139 എന്ന ഹോട്ട്ലൈനിലും 24727732 എന്ന വാട്ട്സ്ആപ് നമ്പറിലും വിവരം അറിയിക്കാം. അതത് ഗവർണറേറ്റിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ ഡയറക്ടർക്കും പരാതി നൽകാം. ആവശ്യമായ നടപടികൾ സ്വീകരിച്ച് അധികാരികൾ ഇവയോട് പ്രതികരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.