രേവതി ചാടൽവാട ആംബുലൻസിൽ
കിടപ്പുരോഗിക്ക് ആശ്വാസമായി യു.എൻ.എ; ആന്ധ്ര സ്വദേശിയെ നാട്ടിലെത്തിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നിതാ സ്നേഹ സാഹോദര്യങ്ങളുടെ മറ്റൊരു കഥ കൂടി. പക്ഷാഘാതം വന്ന് ദീർഘനാളായി കുവൈത്തിൽ ചികിത്സയിലായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) പിന്തുണയിൽ നാട്ടിലെത്തി.
രണ്ടുവർഷമായി മുബാറക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗുണ്ടൂർ സ്വദേശിനി രേവതി ചാടൽവാടയെയാണ് യു.എൻ.എ ഇടപെട്ട് നാട്ടിൽ എത്തിച്ചത്. തുടർചികിത്സക്കും ബന്ധുക്കളെ കാണാനും നാട്ടിലെത്താൻ രേവതി ആഗ്രഹിച്ചിരുന്നുവെങ്കിലും നിയമ പ്രശ്നം മൂലം യാത്ര നീണ്ടു. കൂടെ യാത്ര ചെയ്യാനുള്ള ആളുടെ അഭാവവും തടസ്സമായി.
രേവതിയുടെ പ്രയാസം അറിഞ്ഞ യു.എൻ.എ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇന്ത്യൻ എംബസിയുടെ സഹായത്താൽ നിയമപ്രശ്നങ്ങൾ പരിഹരിച്ചു. യു.എൻ.എ അംഗവും അമീരി ഹോസ്പിറ്റലിലെ നഴ്സിങ് സ്റ്റാഫുമായ ആന്റണി സുനിൽ രോഗിയെ അനുഗമിക്കാനും മുന്നോട്ടുവന്നു.യു.എൻ.എ സോഷ്യൽ വെൽഫെയർ ടീം അംഗങ്ങളായ നിഹാസ് വാണിമേൽ, താര മനോജ്, ധന്യരാജ് എന്നിവർ യാത്രക്കുള്ള സജ്ജീകരണങ്ങൾ ഒരുക്കി. ഒടുവിൽ എല്ലാ തടസ്സങ്ങളും നീങ്ങി കഴിഞ്ഞ ദിവസം രേവതി ചാടൽവാട നാട്ടിലെത്തി.ആംബുലൻസിൽ വിമാനത്താവളത്തിലെത്തിച്ച രേവതിക്ക് വിമാനത്തിൽ പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. രേവതിയെ ബന്ധുക്കൾക്ക് കൈമാറിയാണ് ആന്റണി സുനിൽ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.