കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ച പൊടിനിറഞ്ഞ ദിനമായി. അന്തരീക്ഷത്തിൽ നിറഞ്ഞപൊടി പുറത്തിറങ്ങുന്നവർക്ക് ദുരിതമായി. വരണ്ടതും ചൂടുള്ളതുമായ കാറ്റ് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ വീശി. അന്തരീക്ഷത്തിൽ പൊടി നിറഞ്ഞത് വാഹന യാത്രക്കാർക്ക് പ്രയാസം തീർത്തു. വരും ദിവസങ്ങളിലും പകൽ സമയത്ത് ചൂടും പൊടിപടലവും നിറഞ്ഞതായിരിക്കും. രാത്രിയിലും ചൂട് തുടരും. എന്നാൽ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് അൽപം ചൂട് കുറയുമെന്നും കുവൈത്ത് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനം രാജ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഇത് പകൽ സമയത്ത് വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡം സൃഷ്ടിക്കുന്നതായും ധരാർ അൽ അലി സൂചിപ്പിച്ചു. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ എത്തുന്ന കാറ്റ് പൊടിക്കാറ്റിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറിൽ 15 മുതൽ 42 കിലോമീറ്റർ വരെയാകും. തീരപ്രദേശങ്ങളിൽ കൂടുതൽ ശക്തമാകും. രാത്രിയിലെ താപനില 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കടൽ നേരിയതോ മിതമായതോ ആയി തുടരും. തിരമാലകൾ രണ്ട് മുതൽ ആറ് അടി വരെ ഉയരും.
വെള്ളിയാഴ്ച ചൂട് കൂടുതലായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശും. ഇടക്കിടെ കാറ്റിന്റെ വേഗത വർധിക്കുകയും പൊടിപടലങ്ങൾ ഉണ്ടാകുകയും ചെയ്യും. പരമാവധി താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം ചൂട് കൂടുതലായിരിക്കും.
ശനിയാഴ്ചയും ഉർന്ന താപനില തുടരും. മണിക്കൂറിൽ 15 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾക്ക് സാധ്യതയുണ്ട്. താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കണക്കാക്കുന്നു.
ശനിയാഴ്ച രാത്രി കാറ്റിന്റെ വേഗത മണിക്കൂറിൽ 12 മുതൽ 35 കിലോമീറ്റർ വരെയാകും. കുറഞ്ഞ താപനില 31 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.