വിമാന യാത്രാനിരക്ക് വർധനക്കെതിരെ പ്രവാസി വെൽഫെയർ കുവൈത്ത് ടേബിൾ ടോക്കിൽ
റഫീഖ് ബാബു പൊൻമുണ്ടം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വിമാന യാത്രാനിരക്ക് വർധനവിന് പരിഹാരം കാണാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ കൂട്ടായ പ്രതിഷേധം ഉയരണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു.
‘യാത്രാനിരക്ക് കൊള്ള: പ്രവാസികൾക്ക് ചിലത് പറയാനുണ്ട്’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ചർച്ചയിൽ വിവിധ പ്രവാസി രാഷ്ടീയ സാംസ്കാരിക സംഘടന പ്രതിനിധികൾ പങ്കെടുത്തു. വിമാനക്കമ്പനികൾ നടത്തുന്ന തീവെട്ടിക്കൊള്ള വർഷങ്ങളായി തുടരുകയാണെന്നും കൂടുതൽ ചൂഷണത്തിനിരയാകുന്നത് ഗൾഫ് പ്രവാസികളാണെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
യാത്രാനിരക്ക് നിയന്ത്രിക്കാൻ സർക്കാർ തലങ്ങളിൽ കാര്യമായ ഇടപെടലുകൾ നടക്കുന്നില്ല. പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് കൈ മലർത്തുകയാണ് ഭരണകൂടങ്ങൾ. പ്രവാസികൾ സമ്പാദ്യത്തിന്റെ വലിയ ഭാഗം വിമാന ടിക്കറ്റിന് നൽകേണ്ട സാഹചര്യമാണ്. പല കുടുംബങ്ങളും അവധി സമയത്ത് ജന്മനാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കുകയാണ്. ഇത് വലിയ മനുഷ്യാവകാശ ലംഘനമാണ്. ചൂഷണങ്ങൾക്കെതിരെ ജി.സി.സി തലത്തിൽ പ്രവാസികളുടെ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ടെന്നും നിയമ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്കിൽ പ്രവാസി വെൽഫെയർ കുവൈത്ത് ആക്ടിങ് പ്രസിഡന്റ് റഫീഖ് ബാബു പൊൻമുണ്ടം അധ്യക്ഷത വഹിച്ചു. വിവിധ സംഘsന പ്രതിനിധികളായ ജീവ്സ് എരിഞ്ഞേരി (ഒ.എൻ.സി.പി) തമ്പി ലൂക്കോസ്, അലക്സ് മാത്യു(കെ.ജെ.പി.എസ്), ജോർജ് പയസ് (സൗഹൃദവേദി സാൽമിയ), എൻ.കെ. ഖാലിദ് ഹാജി (കെ.എം.സി.സി), സി.എച്ച്. മുഹമ്മദ് കുഞ്ഞി (കാസർകോട് അസോസിയേഷൻ), അബ്ദുൽ അസീസ് (വേൾഡ് മലയാളി കൗൺസിൽ), പി. ഹഷീബ് (യൂത്ത് ഇന്ത്യ), സക്കീർ പുതുനഗരം (പൽപക്), ഫിറോസ് ഹമീദ്, ഷെരീഫ് പി.ടി (കെ.ഐ.ജി), കേളോത്ത് ഹമീദ്(കെ.ഡി.എ), സക്കീർ പുത്തൻപാലം, എൽ. ബൈജുലാൽ (കെ.കെ.പി.എ), അനിയൻകുഞ്ഞ്, ഷൗക്കത്ത് വളാഞ്ചേരി, ഖലീൽ റഹ്മാൻ, അഫ്താബ് (പ്രവാസി വെൽഫെയർ കുവൈത്ത്) എന്നിവർ സംസാരിച്ചു. അൻവർ ഷാജി മോഡറേറ്ററായി. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും പ്രോഗ്രാം കൺവീനർ ജവാദ് അമീർ നന്ദിയും പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.