ആകസ്മിക മരണങ്ങൾ ജീവിത പ്രതീക്ഷകളെ താളം തെറ്റിക്കുന്നതിന്റെ അനുഭവം സാമൂഹിക പ്രവർത്തകനും കെ.എം.സി.സി കുവൈത്ത് വൈസ് പ്രസിഡന്റുമായ ടി.വി. ഷാഫി കൊല്ലം പങ്കുവെക്കുന്നു
ജീവിതയാത്രക്കിടയിലെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ഒത്തിരി പ്രതീക്ഷകളോടെയാണ് ഓരോ മനുഷ്യനും പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്നത്. തുടർന്നങ്ങോട്ടുള്ള ജീവിതകാലമത്രയും ഒരുനാൾ നാട്ടിലേക്ക് തിരികെ പോകാമെന്ന പ്രതീക്ഷയിലായിരിക്കും. വലിയ സമ്പാദ്യങ്ങളുമായി നാട്ടിലേക്കു മടങ്ങുന്ന ചുരുക്കം ചിലരെ മാറ്റിനിർത്തിയാൽ ഭൂരിപക്ഷവും വലിയ നേട്ടങ്ങൾ ഒന്നുമില്ലാതെയാകും തിരിച്ചുപോകുന്നത്. ഇതിനിടയിൽ പ്രവാസലോകത്തു മരണപ്പെടുന്നവരും നിരവധി.
കഴിഞ്ഞ ദിവസം ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ച വടകര സ്വദേശി സുജിത്ത് കുമാറിന്റെ മരണം ഒരുപാട് പ്രയാസപ്പെടുത്തുന്നതായിരുന്നു. വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് പോകുന്ന ബന്ധുവും സുഹൃത്തുമായ ഷിജുവിനോട് സുജിത്ത് കുമാർ തന്റെ എട്ടുവയസ്സ് പ്രായമുള്ള മകൾക്ക് ചോക്ലറ്റ് വാങ്ങാൻ വിളിച്ചു പറഞ്ഞിരുന്നു. സുഹൃത്തിന്റെ മകൾക്കായി ഷിജു ചോക്ലറ്റ് വാങ്ങിവെക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഷിജു വെള്ളിയാഴ്ച നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി പ്രിയ സ്നേഹിതൻ സുജിത്ത് കുമാറിന്റെ മരണവാർത്ത അറിയുകയായിരുന്നു. ഫർവാനിയയിൽ ടൈലറായിരുന്ന സുജിത് കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
മരണവാർത്ത അറിഞ്ഞതോടെ വെള്ളിയാഴ്ചയിലെ ടിക്കറ്റ് കാൻസൽ ചെയ്തു സുജിത് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള പ്രവർത്തനത്തിൽ മുഴുകി ഷിജു. ഫർവാനിയ ആശുപത്രിയിൽ എന്റെ കൂടെ മുഴുവൻ സമയവും അദ്ദേഹവുമുണ്ടായിരുന്നു. ഇതിനിടയിലാണ് ഞാൻ ഷിജുവിനെ കാണുന്നതും സുജിത്ത് കുമാറിനെ മകൾക്കായി ചോക്ലറ്റ് വാങ്ങിവെച്ച കഥ അദ്ദേഹം പറയുന്നതും.
പക്ഷേ വിധി മറിച്ചായിരുന്നു, ഷിജു നാട്ടിലേക്ക് പോകേണ്ടത് സുഹൃത്തിന്റെ മൃതദേഹവുമായാണ്. അച്ഛൻ കൊടുത്തയക്കുന്ന ചോക്ലറ്റ് കാത്തുനിൽക്കുന്ന മകളുടെ മുമ്പിലേക്ക് ചേതനയേറ്റ ശരീരവുമായി ചെന്നുകയറേണ്ട സുഹൃത്തിന്റെ പ്രയാസം ആ മുഖത്തുനിന്നു ഞാൻ വായിച്ചെടുത്തു. ഞായറാഴ്ച സുജിത്ത് കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഷിജുവും മറ്റൊരു ബന്ധുവായ രാജനും മൃതദേഹത്തെ അനുഗമിച്ചു. എല്ലാം കഴിഞ്ഞ് റൂമിലേക്ക് മടങ്ങവെ കണ്ണു നിറഞ്ഞുപോയി. ഒരുപാട് പ്രതീക്ഷകളോടെ ഓരോ ദിവസവും തള്ളി നീക്കുന്ന പ്രവാസികളെ ഓർത്തുപോയി. അതിനിടയിൽ വിരുന്നുകാരനായെത്തി കൂടെകൊണ്ടുപോകുന്ന ആകസ്മികമായ മരണങ്ങൾ എല്ലാ താളവും തെറ്റിക്കുന്നു. ഓരോ മരണവും പ്രയാസപ്പെടുത്തുന്നതാണ്. ഓരോ അനുഭവവും നമ്മളെ ചിന്തിപ്പിക്കുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.