ജലീബിൽ നിയമലംഘനം കണ്ടെത്തിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ നടപടി ആരംഭിച്ചു


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ നിയമലംഘനം നടത്തി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ കുവൈത്ത് മുനിസിപ്പാലിറ്റി ആരംഭിച്ചു. പ്രദേശത്തെ കെട്ടിട നിർമ്മാണ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന വിപുലമായ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 263 കെട്ടിടങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ഉത്തരവുകൾ സ്വമേധയാ പാലിക്കാൻ ഉടമകൾ തയ്യാറാകാത്തതിനെത്തുടർന്നാണ് നടപടി. ഔദ്യോഗിക ഗസറ്റിൽ ഇതുസംബന്ധിച്ചു മുന്നറിയിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു.

മൂന്ന് ഘട്ടങ്ങളായാണ് പൊളിച്ചുനീക്കൽ നടപ്പാക്കുക. 263 കെട്ടിടങ്ങൾ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നു. രണ്ടാം ഘട്ടത്തിൽ 494 കെട്ടിടങ്ങൾ ഉൾപ്പെടുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ ഇവ പൊളിച്ചുനീക്കുന്ന നടപടികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൂന്നാം ഘട്ടം നടപടികൾ ആരംഭിച്ചിട്ടില്ല.

നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും, ചട്ടങ്ങൾ ലംഘിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾ പൊളിച്ചുനീക്കുന്നതിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള മുഴുവൻ ചെലവും വഹിക്കേണ്ടി വരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഗതാഗത സൗകര്യം, ആവശ്യമായ ഉപകരണങ്ങൾ, നിലകളുടെ എണ്ണം, കെട്ടിട വിസ്തീർണ്ണം എന്നിവ കണക്കിലെടുത്താണ് നിരക്കുകൾ നിശ്ചയിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.