എട്ടാമത് വിദേശകാര്യ ഓഫീസ് കൺസൾട്ടേഷൻ കുവൈത്തിൽ നടന്നു

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള എട്ടാമത് വിദേശകാര്യ ഓഫീസ് കൺസൾട്ടേഷൻ കുവൈത്തിൽ നടന്നു. കൂടിയാലോചനയിൽ ഇരു രാജ്യങ്ങളും ഉഭയകക്ഷി സഹകരണം അവലോകനം ചെയ്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി അസീം ആർ. മഹാജനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഏഷ്യൻ കാര്യ അസിസ്റ്റന്റ് മന്ത്രി നവാഫ് അബ്ദുല്ലത്തീഫ് സുലൈമാൻ അൽ അഹമ്മദും ചർച്ചകൾക്ക് നേതൃത്വം നൽകി.

രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഊർജം എന്നീ മേഖലകളിലെ സഹകരണമാണ് പ്രധാനമായും ചർച്ച ചെയ്തത്. സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയും ചർച്ചയിൽ ഇടം നേടി. ജോയിന്റ് കമ്മീഷൻ ഫോർ കോപ്പറേഷന് കീഴിലെ വർക്കിംഗ് ഗ്രൂപ്പുകളുടെ പ്രവർത്തനവും ഇരുപക്ഷവും അവലോകനം ചെയ്തു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും കാഴ്ചപ്പാടുകൾ കൈമാറി. അടുത്ത റൗണ്ട് കൺസൾട്ടേഷൻ ന്യൂഡൽഹിയിൽ നടത്താൻ ധാരണയായി.

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി, ഉന്നത എംബസി ഉദ്യോഗസഥർ എന്നിവരും ചർച്ചകളിൽ പങ്കാളികളായി.

ഇന്ത്യയും കുവൈത്തും തമ്മിൽ ദീർഘകാലത്തെ ഉഭയകക്ഷി ബന്ധമാണുള്ളത്. 2024 ഡിസംബറിൽ ഈ ബന്ധം 'തന്ത്രപ്രധാനമായ പങ്കാളിത്ത'ത്തിലേക്ക് വികസിപ്പിച്ചിരുന്നു. കുവൈത്തിലുള്ള 10.5 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ പാലമായി വർത്തിക്കുന്നു.

Tags:    
News Summary - The 8th Foreign Office Consultation was held in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.