കുവൈത്തിൽ ചൂട് കനക്കും; വരും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യത

കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ ചൂട് കനക്കും. വെള്ളിയാഴ്ച ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയും പൊടിപടലങ്ങൾ നിറഞ്ഞ കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. പൊടികാറ്റ് തിരശ്ചീന ദൃശ്യപരത കുറക്കാൻ ഇടയാക്കും. വരും ദിവസങ്ങൾ പകലും രാത്രിയും ചൂടുള്ള കാലാവസ്ഥയായിരിക്കും. ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡത്തോടൊപ്പമുള്ള ഉപരിതല താഴ്ന്ന മർദ്ദ സംവിധാനത്തിന്റെ വികാസം രാജ്യത്തെ ബാധിക്കുന്നതായി കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാ മാതൃകകളും സൂചിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച പകൽ ഉയർന്ന ചൂടുള്ള കാലാവസ്ഥയായിരിക്കും. മണിക്കൂറിൽ 20 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ മിതമായതോ പുതിയതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ്. കടൽ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും. വെള്ളിയാഴ്ച രാത്രിയും ഉയർന്ന ചൂട് അനുഭവപ്പെടും. മണിക്കൂറിൽ 12 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് ഉണ്ടാകും. കുറഞ്ഞ താപനില 29 നും 31 ഡിഗ്രി സെൽഷ്യസിനും ഇടയിൽ പ്രതീക്ഷിക്കുന്നു.

ശനിയാഴ്ച, പകൽ മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ്. ശനിയാഴ്ച രാത്രി തീരപ്രദേശങ്ങളിൽ ചൂടും ഈർപ്പവും അനുഭവപ്പെടും. വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ എട്ടു മുതൽ 30 കി.മീ വരെ വേഗതയിൽ കാറ്റുവീശും. കുറഞ്ഞ താപനില 26 നും 28 നും ഇടയിൽ പ്രതീക്ഷിക്കുന്നു.വ്യാഴാഴ്ച രാജ്യത്ത് ഉയർന്ന ചൂാണ് അനുഭവപ്പെത്. രാത്രിയിലെ കാലാവസ്ഥയും ചൂടുള്ളതായിരുന്നു.

ജൂൺ ഏഴു മുതൽ രാജ്യം വേനൽക്കാലത്തിന്റെ ആരംഭമാണ് ‘തുറയ’ സീസണിലേക്ക് പ്രവേശിച്ചിട്ടുണ്ട്. താപനിലയിൽ ഗണ്യമായ വർധന, പൊടിപടലങ്ങൾ നിറഞ്ഞ കാറ്റ് എന്നിവ ഈ ഘട്ടത്തിലെ പ്രത്യേകതയാണ്.


Tags:    
News Summary - Temperatures are rising: Dust and wind accompany the heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.