കുവൈത്ത് സിറ്റി: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ വേർപാടും അമ്മ സുജയുടെ വേദനയും കുവൈത്ത് പ്രവാസികളുടെ കൂടി ദു:ഖമായി. മകന്റെ മൃതദേഹം കാണാൻ രണ്ടു രാജ്യങ്ങൾ താണ്ടിയാണ് അവർ കൊല്ലത്തെ വീട്ടിൽ എത്തിയത്. ശനിയാഴ്ച രാവിലെ 9.08ന് കൊച്ചി വിമാനത്താവളത്തിലിറങ്ങി. ഇളയ മകനും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. തുടർന്ന് പൊലീസ് അകമ്പടിയിൽ കൊല്ലത്തെ വീട്ടിലേക്ക് പോയി. ഉച്ചകഴിഞ്ഞ് രണ്ടോടെ വീട്ടിലെത്തി മകന്റെ മൃതദേഹം കണ്ട സുജയുടെ സകലനിയന്ത്രണവും നഷ്ടപ്പെട്ടു.
മൂന്നുമാസം മുമ്പാണ് വീട്ടുജോലിക്കായി സുജ കുവൈത്തിൽ എത്തിയത്. മിഥുൻ അപകടത്തിൽപെട്ട സമയത്ത് അവർ തുർക്കിയയിലായിരുന്നു. ജോലിചെയ്യുന്ന വീട്ടുകാരുമൊത്ത് ഒരുമാസം മുമ്പാണ് അവിടേക്ക് പോയത്. ദിവസവും വീഡിയോ കോളിലൂടെ മക്കളോട് സംസാരിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ 9.40നായിരുന്നു എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ (13) ദാരുണ മരണം. വിവരം സുജയെ അറിയിക്കാൻ ശ്രമിച്ചെങ്കിലും തുർക്കിയയിലായതിനാൽ കിട്ടിയില്ല. ഒടുവിൽ വ്യാഴാഴ്ച രാത്രിയാണ് വിവരമറിയിക്കാനായത്.
ഉടൻ നാട്ടിലേക്ക് തിരിക്കാനുള്ള ക്രമീകരണം ഒരുക്കി. വെള്ളിയാഴ്ച വൈകുന്നേരം ആറിന് തുർക്കിയയിൽ നിന്ന് കുവൈത്തിലേക്ക് തിരിച്ചു. ശനിയാഴ്ച പുലർച്ച 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടു. രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ശനിയാഴ്ച വൈകീട്ട് നാലോടെ സംസ്ക്ാര ചടങ്ങുകൾ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.