കുവൈത്ത് സിറ്റി: മയക്കുമരുന്നും അനുബന്ധ വസ്തുക്കളുമായി 14 പേർ പിടിയിൽ. വിവിധ മയക്കുമരുന്ന് വസ്തുക്കൾ, സൈക്കോട്രോപിക് മരുന്നുകൾ, മയക്കുമരുന്നുകൾ തയ്യാറാക്കുന്നതിനും പാക്കേജുചെയ്യുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയുമായി എട്ട് വ്യത്യസ്ത കേസുകളിലായാണ് 14 പേർ പിടിയിലായത്.
1.425 കിലോഗ്രാം ഷാബു (മെത്താംഫെറ്റാമൈൻ), 1.015 കിലോഗ്രാം ഹാഷിഷ്, 365 ഗ്രാം മരിജുവാന, മൂന്ന് ഗ്രാം ഹെറോയിൻ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
സിന്തറ്റിക് കെമിക്കൽ മയക്കുമരുന്നുകൾ മുക്കിയ നാല് എ4 ഷീറ്റുകൾ, നിയന്ത്രിത പദാർത്ഥമായ ലിറിക്കയുടെ 80 കാപ്സ്യൂളുകൾ, മൂന്ന് സൈക്കോട്രോപിക് ഗുളികകൾ, ആറ് പ്രിസിഷൻ സ്കെയിലുകൾ, വിവിധ മയക്കുമരുന്ന് ഉപയോഗ സാമഗ്രികൾ എന്നിവയും അധികൃതർ കണ്ടുകെട്ടി.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും കടത്തുകാരെയും ഡീലർമാരെയും പിന്തുടരുന്നതിനും ക്രിമിനൽ സുരക്ഷാ വിഭാഗം നടത്തുന്ന തീവ്രമായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റുകളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
പിടിച്ചെടുത്ത ലഹരി വസ്തുക്കൾ
വ്യാജ പേരിൽ അഞ്ച് കിലോ ലഹരി
കുവൈത്ത് സിറ്റി: ഹെയർ ഓയിലുകൾ, സ്പെയർ പാർട്‌സ് എന്നിവയുടെ പേരിൽ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. കസ്റ്റംസ് ക്ലിയറൻസ് നടപടിക്കിടെയുള്ള പരിശോധനയിൽ അഞ്ച് കിലോഗ്രാം ലഹരി ദ്രാവകം കണ്ടെത്തി.
ഒരു യൂറോപ്യൻ രാജ്യത്തുനിന്ന് എത്തിയതായിരുന്നു ഇവ. പരിശോധനയിൽ കണ്ടെത്താതിരിക്കാൻ ഹെയർ ഓയിലുകൾ, സ്പെയർ പാർട്‌സ് എന്നീ പേരുകളിലായിരുന്നു കടത്ത്. കസ്റ്റംസ് ക്ലിയറൻസ് പ്രക്രിയക്കിടെ, ഇൻസ്പെക്ടർമാർക്ക് ചരക്കുകളുടെ ഉള്ളടക്കത്തിൽ സംശയം തോന്നുകയും കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തപ്പോഴാണ് ഒളിപ്പിച്ചുവെച്ച ഇവ കണ്ടെത്തിയത്.
സംഭവത്തിൽ ആവശ്യമായ നിയമ നടപടിക്രമങ്ങൾ ആരംഭിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ ആവശ്യമായ അന്വേഷണങ്ങളും നിയമ നടപടികളും പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനുമുള്ള പ്രതിബദ്ധത കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
സമൂഹത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിന് അത്തരം ശ്രമങ്ങൾ അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.