പുക നിറഞ്ഞ ആകാശവും കറുത്ത മഴയും: കുവൈത്തിന്റ ഓർമകളിൽ കെടാതെ കത്തി ആ ദിനങ്ങൾ...

കുവൈത്ത് സിറ്റി: ഇറാഖി അധിനിവേശം സൃഷ്ടിച്ച വിനാശകരമായ പ്രത്യാഘാതങ്ങളുടെ മറ്റൊരു അതിജീവന ദിനത്തിൽ കുവൈത്ത്. അധിനിവേശത്തിന് പിറകെ ഇറാഖ് കൊളുത്തിയ കുവൈത്തിലെ അവസാന എണ്ണ കിണറിലെ തീ അണച്ചിട്ട് വെള്ളിയാഴ്ച 35 ആണ്ട്. 1990 ആഗസ്റ്റ് രണ്ടിനാണ് ഇറാഖ് കു​വൈത്ത് പിടിച്ചടക്കിയത്. അന്താരാഷ്ട്ര സേനകളുടെ ഇടപെടലിലൂടെ 1991 ഫെബ്രുവരി 26 മോചിപ്പിക്കപ്പെട്ടു. എന്നാൽ നൂറുകണക്കിന് എണ്ണക്കിണറുകൾക്ക് തീയിട്ടാണ് ഇറാഖ് മടങ്ങിയത്.

 

എണ്ണക്കിണറുകളിലുണ്ടായ തീപിടുത്തം കുവൈത്തിന്റെ പല ദിശകളിലേക്കും വ്യാപിച്ചു. പുകയുടെയും തീജ്വാലകളുടെയും വമ്പൻ മേഘങ്ങൾ നിറഞ്ഞതായി കുവൈത്ത് ആകാശം. കിണറുകളെ കയറ്റുമതി ടെർമിനലുകളുമായി ബന്ധിപ്പിക്കുന്ന എണ്ണ ശേഖരണ കേന്ദ്രങ്ങളും തകർക്കപ്പെട്ടതോടെ തീപിടുത്തവും നാശനഷ്ടങ്ങളും രൂക്ഷമായി. മാസങ്ങൾ അണയാതെ കത്തിയ എണ്ണകിണറുകൾ, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക, സാമ്പത്തിക ദുരന്തങ്ങളിലൊന്നായി. കുവൈത്തിന്റെ പരിസ്ഥിതിയിലും സമ്പദ്‌വ്യവസ്ഥയിലും ദൈനംദിന ജീവിതത്തിലും കനത്ത നാശനഷ്ടങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങളും ഇത് സൃഷ്ടിച്ചു.

കറുത്ത പുകയുടെ നാളുകൾ

1991 ഫെബ്രുവരിയിൽ പിന്മാറുന്നതിന് മുൻപ്, ഇറാഖി സേന കുവൈത്തിലെ 737 എണ്ണക്കിണറുകൾക്കാണ് തീയിട്ടത്. 54 എണ്ണ കിണറുകൾ പൂർണ്ണമായും നശിച്ചു. എണ്ണ ശേഖരണ കേന്ദ്രങ്ങളിലും ടെർമിനലുകളിലും സ്ഫോടനങ്ങൾ, സസ്യങ്ങൾ, കെട്ടിടങ്ങൾ, സമുദ്ര, കര ജീവികൾ എന്നിവക്ക് വ്യാപകമായ നാശനഷ്ടവും സംഭവിച്ചു.

തീപിടുത്തം എണ്ണ ഉൽപാദനത്തെ തടസ്സപ്പെടുത്തി. പ്രതിദിനം നാലു മുതൽ ആറു ദശലക്ഷം ബാരൽ വരെ അസംസ്കൃത എണ്ണയുടെ നഷ്ടം വന്നു. ഏകദേശം 23 ദശലക്ഷം ബാരലുകൾ എണ്ണ പാഴായി. പ്രതിദിനം 120 ദശലക്ഷം യു.എസ് ഡോളറിൻ്റെ നഷ്ടമാണ് ഇത് വരുത്തിവെച്ചത്.

എണ്ണ കിണറുകളിൽ നിന്നുള്ള കറുത്തപുകയുടെ ആവരണത്തിലായിരുന്നു മാസങ്ങ​​ളോളം കുവൈത്തിലെ ആകാശം. അയൽ രാജ്യങ്ങളെയും ദുരന്തം ബാധിച്ചു. പുകയും വിഷലിപ്തമായ മഴയും ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, ഇറാൻ, ഒമാൻ എന്നിവിടങ്ങളിലും മധ്യേഷ്യയുടെ ചില ഭാഗങ്ങളിലും എത്തി. വായുവിന്റെ ഗുണനിലവാരത്തെയും ഇത് ബാധിച്ചു.'കറുത്ത മഴ'പതിവായി.

 

ചടുലമായ നീക്കങ്ങൾ

തീ കെടുത്താൻ കുവൈത്ത് ചടുലമായ നീക്കങ്ങൾ നടത്തി. കത്തുന്ന കിണറുകൾ എത്രയും വേഗം അണക്കുക, തിരഞ്ഞെടുത്ത കിണറുകൾ ഉൽപ്പാദനം പുനരാരംഭിക്കുക എന്നിവക്കായിരുന്നു മുൻഗണന.

കുവൈത്ത് ഓയിൽ കമ്പനി പ്രത്യേക സംഘത്തിന് രൂപം നൽകി. 27 വിദേശ ടീമുകളിൽ നിന്നുള്ള 10,000 ത്തിലധികം ഉദ്യോഗസ്ഥർ കുവൈത്തിലെത്തി. 5,800 ലധികം പ്രത്യേക വാഹനങ്ങളും ഉപകരണങ്ങളും അണിനിരത്തി. സൈനികേതര ഉപകരണങ്ങളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ശേഖരമായിരുന്നു ഇത്. ഒരേ സ്ഥലത്ത് ഇത്രയധികം ഉപകരണങ്ങൾ ഒരുമിച്ച് അണിനിരത്തിയതും ആദ്യത്തേതായി. ഒടുവിൽ കുറഞ്ഞ മാസം കൊണ്ട് വിജയകരമായി കിണറുകളിലെ തീ കെടുത്തി.

1991 നവംബർ ആറിനാണ് അഹ്മദിയിലെ ബുർഗാൻ എണ്ണപ്പാടത്തെ അവസാന കിണറിലെ തീ അണച്ചത്. ഇതോടെ വലിയൊരു പാരിസ്ഥിക ദുരന്തത്തിന് അന്ത്യമായി. കുവൈത്തിന്റെ പുനർനിർമ്മാണത്തിന്റെയും വീണ്ടെടുപ്പിന്റെയും പുതിയ ഘട്ടത്തിന്റെ തുടക്കമായും ഇത് അടയാളപ്പെടുത്തപ്പെട്ടു.

വൈകാതെ ഉൽപ്പാദന ശേഷി പുന:സ്ഥാപിച്ചു. ലോക എണ്ണ വിപണിയിൽ കുവൈത്ത് വളരെ വേഗം തങ്ങളുടെ മുൻനിരസസഥാനം അടയാളപ്പെടുത്തി. അപ്പോഴും രാജ്യ ചരിത്രത്തിൻ്റെ ഓർമകളിൽ പഴയ കറുത്തദിനങ്ങൾ ഇപ്പോഴും കെടാതെ നിലനിൽക്കുന്നു.

Tags:    
News Summary - Smokey Skies and Black Rain: Remembering the Unforgettable Days of the Kuwait Oil Fires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.