ശൈഖ് ജാബര്‍ പാലം
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ ശൈഖ് ജാബര്‍ പാലം പുതിയ വിനോദകേന്ദ്രമാകുന്നു. വിനോദസഞ്ചാരസാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാലത്തോടു ചേർന്ന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരുകയാണ്. ഇതിന്റെ ഭാഗമായി പാലത്തോടു ചേർന്നുള്ള രണ്ടു താൽക്കാലിക മനുഷ്യനിർമിത ദ്വീപുകളെ ശൈത്യകാലത്തും വസന്തകാലത്തും പ്രത്യേക വിനോദ സഞ്ചാരകേന്ദ്രമാക്കും.
ഈ ആശയത്തിന് സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകിയതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു. മേയ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന തരത്തിൽ വിവിധ വിനോദങ്ങൾ ഇവിടെ ഒരുക്കും. വികസനപദ്ധതികളുമായി ജനങ്ങളെ അടുപ്പിക്കാനും വിനോദസഞ്ചാരസാധ്യതകൾ പ്രയോജനപ്പെടുത്താനും ഇതുവഴി ലക്ഷ്യമിടുന്നു. മുനിസിപ്പാലിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം മുന്നോട്ടുവെച്ചത്. മന്ത്രിസഭ സമിതി നിർദേശം ചർച്ച ചെയ്യുകയും കടൽപാലത്തോട് ചേർന്ന രണ്ടു കൃത്രിമ ദ്വീപുകൾ താൽക്കാലിക 'സീസണൽ എന്റർടെയ്ൻമെന്റ് സിറ്റി'സ്ഥാപിക്കാൻ അംഗീകാരം നൽകുകയും ചെയ്തതായാണ് വിവരം.
കുട്ടികൾക്കായി ഉത്സവങ്ങൾ, കായികപ്രവർത്തനങ്ങൾ, തദ്ദേശീയ ഉൽപന്നങ്ങളുടെ വിപണികൾ എന്നിവ ഇവിടെ ഒരുക്കും. ചെറുകിട സംരംഭകർക്കും മൊബൈൽ വാഹനങ്ങൾ സ്വന്തമായുള്ള കുവൈത്ത് യുവാക്കൾക്കും ഒക്ടോബർ മുതൽ മേയ് വരെയുള്ള സീസൺ പ്രയോജനപ്പെടുത്താനുള്ള അവസരവും ഉണ്ടാകും. താൽക്കാലികമായി ഒരുക്കുന്ന ഈ സജ്ജീകരണങ്ങൾക്ക് കൂടുതൽ ചെലവുഉണ്ടാകില്ലെന്നും മുനിസിപ്പാലിറ്റി തയാറാക്കിയ പ്രോജക്ട് പ്ലാനിൽ പറയുന്നു.
കടലിലും കരയിലുമായി വ്യാപിച്ചുകിടക്കുന്ന ശൈഖ് ജാബര്‍ പാലം ലോകത്ത് നാലാമത്തെ വലിയ കടൽ പാലമാണ്. പ്രധാന പാലത്തിന് 37.5 കിലോമീറ്റര്‍ നീളവും ദോഹ തുറമുഖ ദിശയിലേക്ക് 12.4 കിലോമീറ്റര്‍ നീളവുമുണ്ട്. കുവൈത്തിലെത്തുന്നവർക്ക് ജാബര്‍ പാലം പ്രധാന കൗതുകങ്ങളിലൊന്നാണ്. വിനോദകേന്ദ്രമാകുന്നതോടെ ഇവിടെയെത്തുന്ന ആളുകളുടെ എണ്ണവും കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.