വാണിജ്യ മന്ത്രാലയം ഉദ്യോഗസഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: ജഹ്‌റയിലും മുബാറക് അൽ കബീറിലും വാണിജ്യ മന്ത്രാലയം പരിശോധന. വില ലംഘനം കണ്ടെത്തിയ ഏഴ് സെൻട്രൽ മാർക്കറ്റുകൾ അടച്ചുപൂട്ടി. 32 നിയമലംഘന റിപ്പോർട്ട് ചെയ്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ലൈസൻസില്ലാത്ത മെഡിക്കൽ സപ്ലൈസ് വെയർഹൗസ് അടച്ചുപൂട്ടിയതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.
മുബാറക് അൽ കബീർ ഗവർണറേറ്റിൽ, പ്രാദേശിക പച്ചക്കറികളുടെ വില വർധിപ്പിച്ചതിന് 18 നിയമലംഘന റിപ്പോർട്ടുകളും അംഗീകൃത ചട്ടങ്ങൾ ലംഘിച്ച് കോഴിയിറച്ചി വില വർധിപ്പിച്ചതിന് ഒരു റിപ്പോർട്ടും ഇൻസ്പെക്ടർമാർ നൽകി. ജഹ്‌റ ഗവർണറേറ്റിൽ 13 നിയമലംഘന റിപ്പോർട്ടുകൾ രേഖപ്പെടുത്തി. വില സ്ഥിരത സംബന്ധിച്ച മന്ത്രിതല തീരുമാനം ലംഘിച്ചതിനും വില കൃത്രിമമായി ഉയർത്തിയതിനും ഏഴ് സെൻട്രൽ മാർക്കറ്റുകൾ ഇവിടെ അടച്ചുപൂട്ടി. നിയമലംഘകരെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറി.
ആരോഗ്യ മന്ത്രാലയവുമായുള്ള സംയുക്ത പരിശോധനയിൽ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ മെഡിക്കൽ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ലൈസൻസില്ലാത്ത വെയർഹൗസ് അടച്ചുപൂട്ടിയതായി മന്ത്രാലയം അറിയിച്ചു. ആവശ്യമായ അനുമതികളില്ലാതെ പ്രവർത്തിച്ച വെയർഹൗസ് ആരോഗ്യ, സാങ്കേതിക സംഭരണ ആവശ്യകതകൾ ലംഘിച്ചതായും അധികൃതർ കണ്ടെത്തി. ലംഘനങ്ങൾ തടയുന്നതിനും, അംഗീകൃത വിലകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പരിശോധനകൾ ശക്തമാക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.