കുവൈത്ത് സിറ്റി: കുടിവെള്ളത്തിന്റെ ഗുണമേന്മയിൽ രാസ പരിശോധനയിലൂടെ സംശയം ജനിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘം കുവൈത്തിലും. വീടുകളിലും ഓഫിസുകളിലും ഉപയോഗിക്കുന്ന ടാപ്പ് വെള്ളവും കുപ്പിവെള്ളവുമെല്ലാം ശരീരത്തിന് അപകടകരമായ രാസ വസ്തുക്കൾ അടങ്ങിയതാണെന്ന് ‘രാസ പരീക്ഷണം വഴി’ തെളിയിച്ചാണ് സംഘം തട്ടിപ്പിന് കളമൊരുക്കുന്നത്.
തങ്ങളുടെ കമ്പനിയുടെ ജല ശുദ്ധീകരണ ഉപകരണം ഉപയോഗിച്ച് ഈ രാസ ഘടകങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന് വിശ്വസിപ്പിച്ച് വിപണി വിലയുടെ നാലും അഞ്ചും ഇരട്ടി വിലക്ക് വിൽപന നടത്തിയാണ് ചൂഷണം. നിരവധി കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും പണം നഷ്ടമായി. പ്രത്യേക യൂനിഫോം ധരിച്ചും അല്ലാതെയും ഫ്ലാറ്റുകളിലെത്തുന്ന സംഘം വെള്ളത്തിന്റെ പരിശുദ്ധി പരിശോധിക്കാൻ വീട്ടുകാരെ നിർബന്ധിക്കുന്നു.
സാധാരണ ശുദ്ധജലത്തിലൂടെ രണ്ട് ഇലക്ട്രോഡുകൾ ഉപയോഗിച്ച് വൈദ്യുതി കടത്തിവിടുമ്പോൾ നിറം മാറുമെന്ന സ്വാഭാവിക ശാസ്ത്ര പ്രതിഭാസമാണ് ഇവർ മുതലെടുക്കുന്നത്. വെള്ളത്തിലൂടെ ഇലക്ട്രോഡുകൾ വഴി വൈദ്യുതി കടത്തിവിടുമ്പോൾ രാസപ്രവർത്തനം നടന്ന് ഹൈഡ്രജനും ഓക്സിജനും വിഘടിച്ച് വെള്ളത്തിന് ചുവപ്പും മഞ്ഞയും നിറം വരും. ഇത് ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും മൂലകങ്ങളും അടങ്ങിയത് കൊണ്ടാണെന്ന് സംഘം വിശ്വസിപ്പിക്കുന്നു. പിന്നീട് അവർ കൊണ്ടുവന്ന വെള്ളത്തിലും പരീക്ഷണം നടത്തി കാണിച്ച് തങ്ങളുടെ ജല ശുദ്ധീകരണ ഉപകരണം ഉപയോഗിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഇവർ പറയുന്നു.
ചില പ്രത്യേക രാസ വസ്തുക്കൾ ചേർത്ത വെള്ളത്തിലൂടെ വൈദ്യുതി പ്രസരിപ്പിച്ചാലും നിറംമാറ്റം സംഭവിക്കില്ല. ഇതാണ് തട്ടിപ്പുസംഘം മുതലെടുക്കുന്നത്. പരീക്ഷണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് ഇലക്ട്രോഡുളിലൂടെ വൈദ്യുതി കടന്നുപോകുമ്പോൾ ഇതിൽ രൂപപ്പെടുന്ന തുരുമ്പാണ് വെള്ളത്തിന്റെ നിറംമാറ്റത്തിന് കാരണമാകുന്നത്. ഇരുമ്പിന്റെയോ ഉപ്പിന്റെയോ അംശമില്ലാത്തതിനാൽ ഡിസ്റ്റിൽസ് വെള്ളത്തിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ ഈ നിറംമാറ്റം പ്രകടമാവുന്നില്ല. യഥാർഥത്തിൽ കുവൈത്തിൽ ഉപയോഗിക്കപ്പെടുന്ന വെള്ളത്തിന് യാതൊരു അപകടാവസ്ഥയും ഇല്ല എന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയതാണ്. തന്നെയുമല്ല അറബ് രാജ്യങ്ങളിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഏറ്റവും കൂടുതൽ കുവൈത്തിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. നിരന്തരമായ പരിശോധനകളാണ് ഇക്കാര്യത്തിൽ അധികൃതർ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.