സുരക്ഷാ നില സാധാരണ നിലയിൽ; റേഡിയോ ആക്ടിവ് ചോർച്ച റിപ്പോർട്ട് ആരോഗ്യ മന്ത്രാലയം തള്ളി

കു​​വൈത്ത് സിറ്റി: രാജ്യത്ത് റേഡിയോ ആക്ടീവ് ചോർച്ചയുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.ഈ റിപ്പോർട്ട് വ്യാജമാണെന്നും ഔദ്യോഗിക ഡാറ്റയെയോ സൂചകങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ ഒന്നിലധികം സ്ഥലങ്ങളിലുള്ള വായു, കടൽജലം, ശുദ്ധജലം എന്നിവ 24 മണിക്കൂറും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. റേഡിയേഷൻ നിരീക്ഷണ കേന്ദ്രങ്ങൾ കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.

ഇതുവരെ രേഖപ്പെടുത്തിയ എല്ലാ റീഡിംഗുകളും സാധാരണ പരിധിക്കുള്ളിൽ ആണ്. അസാധാരണമായ റേഡിയേഷൻ അളവുകളോ ആശങ്ക ഉയർത്തുന്ന മാറ്റങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.ഇത് പരിസ്ഥിതി സൂചകങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അനാവശ്യമായ പരിഭ്രാന്തികളും കിംവദന്തികൾ പ്രചരിപ്പിക്കുന്നതും ഒഴിവാക്കണമെന്നും അൽ സനദ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. റിപ്പോർട്ടിംഗിൽ കൃത്യതയുടെയും ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യവും ഊന്നിപ്പറഞ്ഞു.

അയൽ രാജ്യങ്ങളിൽ നിന്നുള്ള റേഡിയേഷൻ കുവൈത്തിന് ഭീഷണിയല്ലെന്ന് കുവൈത്ത് നാഷണൽ ഗാർഡും കഴിഞ്ഞ ദിവസം വ്യക്തമാക്കിരുന്നു. രാജ്യത്തിന് ഏറ്റവും അടുത്തുള്ള നൂതന ആണവ റിയാക്ടർ കുവൈത്തിൽ നിന്ന് 240 കിലോമീറ്ററിലധികം അകലെയാണ്. കുവൈത്തിന്റെ അതിർത്തികളിൽ എത്തുന്നതിനുമുമ്പ് മിക്ക റേഡിയോ ആക്ടീവ് വസ്തുക്കളും മങ്ങിപ്പോകും.ഇത് രാജ്യത്തിന് മേലുള്ള ആഘാതം കുറക്കാൻ പര്യാപ്തമാണെന്നും നാഷണൽ ഗാർഡ് വ്യക്തമാക്കി.

Tags:    
News Summary - Safety level normal; Health Ministry rejects radioactive leak report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.