കുവൈത്ത് സിറ്റി: രാജ്യത്തിനകത്തും പുറത്തുമുള്ള ചാരിറ്റബിൾ പദ്ധതികളുടെ സംഭാവനകളും ധനസഹായവും പുനരാരംഭിക്കാനുള്ള തീരുമാനം മാനുഷിക പ്രവർത്തനങ്ങളിൽ കുവൈത്തിന്റെ മുൻനിര പങ്ക് വിപുലപ്പെടുത്തുമെന്ന് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് അധ്യക്ഷനായ മാനുഷിക, ചാരിറ്റബിൾ വർക്ക് റെഗുലേറ്ററി കമ്മിറ്റി ഈ നിയന്ത്രണം നീക്കിയത്.
ചാരിറ്റി സംഘടനകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കൽ, സുതാര്യത പാലിക്കൽ, ദാതാക്കൾക്ക് അവരുടെ സാമ്പത്തിക കാര്യങ്ങൾ ട്രാക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ തീരുമാനം ഉറപ്പുനൽകുന്നു. സാമൂഹികകാര്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിയന്ത്രണ നടപടിക്രമങ്ങൾക്കനുസൃതമായി പദ്ധതികൾ നടപ്പിലാക്കാനും അനുവദിക്കുന്നു. ഇതുവഴി സഹായം അർഹരായവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
സംഭാവനകളും ജീവകാരുണ്യ പ്രവർത്തനങ്ങളും പുനരാരംഭിക്കാനുള്ള തീരുമാനം കുവൈത്തിന്റെ മാനുഷിക പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായി കുവൈത്ത് റിലീഫ് സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഇബ്രാഹിം അൽ സാലെ പറഞ്ഞു. കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും സ്ഥാപനങ്ങൾക്കും അൽ സാലെ നന്ദി അറിയിച്ചു.
അസോസിയേഷന്റെ തത്ത്വങ്ങളോടും മൂല്യങ്ങളോടുമുള്ള പ്രതിബദ്ധത ഹ്യുമാനിറ്റേറിയൻ എക്സലൻസ് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സുബൈഹി അഭിനന്ദിച്ചു. അൽ സഫ ഹ്യൂമാനിറ്റേറിയൻ ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ ഷായയും കമ്മിറ്റി തീരുമാനത്തെ പ്രശംസിച്ചു. പുതിയ തീരുമാനം കുവൈത്തിന്റെ മാനുഷിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.