പാരാലിമ്പിക് ഗെയിംസിലെ ജേതാക്കളെയും അത്ലറ്റുകളെയും മന്ത്രി അബ്ദുൽറഹ്മാൻ
അൽ മുതൈരിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
പാരാലിമ്പിക്സ് അത്ലറ്റുകൾക്ക് സ്വീകരണം നൽകി
കുവൈത്ത് സിറ്റി: പാരീസിൽ നടന്ന പാരാലിമ്പിക് ഗെയിംസിലെ ജേതാക്കളെയും അത്ലറ്റുകളെയും സ്വീകരിച്ച് കുവൈത്ത്. ഗെയിംസിൽ സ്വർണ മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ ഫൈസൽ സുറൂർ, വെങ്കലം നേടിയ ഫൈസൽ അൽ രാജ്ഹി, രാജ്യത്തെ പ്രതിനിധീകരിച്ച ധാരി അൽ ബൂത്വി എന്നിവരെയും സംഘത്തെ അനുഗമിച്ചവരെയുമാണ് സ്വീകരിച്ചത്.
ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സംഘത്തെ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ അഭിനന്ദനങ്ങൾ മന്ത്രി അൽ മുതൈരി അറിയിച്ചു.
കായികരംഗത്തിനും ഭിന്നശേഷിക്കാർക്കും രാജ്യം നൽകുന്ന വലിയ കരുതൽ ഈ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നതിൽ സ്വാധീനം ചെലുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നേട്ടത്തിൽ കുവൈത്ത് പാരാലിമ്പിക് കമ്മിറ്റിയുടെയും അഡ്മിനിസ്ട്രേറ്റിവ്, ടെക്നിക്കൽ ബോഡികളുടെയും ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
മികവ് തുടരാനും വരാനിരിക്കുന്ന മത്സരങ്ങളിൽ ആഗ്രഹിച്ച ഫലങ്ങൾ നേടാനും കഴിയട്ടെ എന്നും അറിയിച്ചു. പാരാലിമ്പിക്സിൽ ഫൈസൽ അൽ റാജിഹി, ഫൈസൽ സുറൂർ, ധാരി അൽ ബൂത്വി എന്നിവരാണ് കുവൈത്തിനായി മത്സരിച്ചത്. പുരുഷന്മാരുടെ ഷോട്ട്പുട്ട്- എഫ്- 63 ഇനത്തിൽ മത്സരിച്ച ഫൈസൽ സുറൂർ സ്വർണവും 5000 മീറ്റർ വീൽചെയർ റേസ് ടി-54 വിഭാഗത്തിൽ ഫൈസൽ അൽ രാജ്ഹി വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.