കുവൈത്ത് സിറ്റി: ഹസാവിയിൽ ആഭ്യന്തരവകുപ്പ് നടത്തിയ കൂട്ട പരിശോധനയിൽ 500 വിദേശികൾ അറസ്റ്റിൽ. മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ഇസ്സാം അൽ നഹാമിെൻറ നേരിട്ടുള്ള നിരീക്ഷണത്തിൽ പഴുതടച്ചുള്ള പരിശോധനയാണ് തിങ്കളാഴ്ച രാവിലെ അരങ്ങേറിയത്. കടകളിലും താമസസ്ഥലത്തും പൊലീസ് കയറിയിറങ്ങി. രാവിലെ നേരത്തെ നടന്ന പരിശോധനയിൽ പകച്ചുപോയ പലർക്കും രക്ഷപ്പെടാൻ പഴുതുകൾ ഉണ്ടായിരുന്നില്ല. ഞായറാഴ്ച ഹസാവിയിലെ തെരുവ്കച്ചവടം നടത്തുന്ന സ്ഥലത്ത് പരിശോധനക്കെത്തിയ ഫർവാനിയ മുനിസിപ്പൽ വിഭാഗം തലവൻ അഹ്മദ് അശരീകയുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ കച്ചവടക്കാർ അക്രമാസക്തമായതിെൻറ പ്രതികരണമായാണ് തിങ്കളാഴ്ചത്തെ വേട്ട വിലയിരുത്തപ്പെടുന്നത്. താഴ്ന്ന വരുമാനക്കാരായ വിദേശികൾ തിങ്ങിപ്പാർക്കുന്ന ജലീബിൽ അനധികൃത കച്ചവടം വ്യാപകമാണ്. കുറഞ്ഞ വിലക്ക് സാധനങ്ങൾ ലഭിക്കുന്നതിനാലാണ് ചെറിയ വരുമാനക്കാരായ തൊഴിലാളികൾ വഴിവാണിഭക്കാരെ ആശ്രയിക്കുന്നത്.
പള്ളി പരിസരങ്ങളിൽ കേടുവന്ന ഭക്ഷ്യോൽപന്നങ്ങളും സെക്കൻഡ് ഹാൻഡ് ഉൽപന്നങ്ങളും വിറ്റഴിക്കുന്നവരെ കൊണ്ടുള്ള ശല്യം ഏറിയതായി സ്വദേശികളിൽനിന്ന് പരാതി ഉയർന്നിരുന്നു. മുനിസിപ്പാലിറ്റിയും ഔഖാഫ് മന്ത്രാലയവും ഇത്തരം കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നതിന് പിന്നാലെയാണ് അധികൃതരുടെ റെയ്ഡ്. പരിശോധനക്കെത്തിയ മുനിസിപ്പൽ അധികൃതർക്കുനേരെ കൈയേറ്റ ശ്രമമുണ്ടായത് അധികൃതർ ഗൗരവമായാണ് എടുക്കുന്നത്. കുവൈത്തിൽ അനധികൃത താമസക്കാർ ഏറെയുള്ള പ്രദേശമാണ് ഹസാവി. കുറഞ്ഞ വാടകയും ജീവിതച്ചെലവുമാണ് താഴ്ന്ന വരുമാനക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്. സ്പോൺസറിൽനിന്ന് ഒളിച്ചോടിയവരും വിസ കാലാവധി കഴിഞ്ഞവരുമായ ആയിരക്കണക്കിനാളുകളാണ് ജലീബ് അൽ ശുയൂഖ്, ഹസ്സാവി ഭാഗത്തുള്ളത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലം കൂടിയാണ് ഹസാവി ഉൾപ്പെടുന്ന ജലീബ്. സ്പോൺസർ മാറി ജോലിചെയ്തവരും ഇഖാമ കാലാവധി തീർന്നവരും വഴിവാണിഭക്കാരുമാണ് കസ്റ്റഡിയിലായത്. തുടർനടപടികൾക്കായി ഇവരെ പ്രത്യേക വിഭാഗത്തിന് കൈമാറി. വരുംദിവസങ്ങളിലും റെയ്ഡ് പ്രതീക്ഷിക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.