പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ഖത്തർ പ്രധാനമന്ത്രിയും

വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം

ആൽഥാനിയുമായി കൂടിക്കാഴ്ചയിൽ 

യൂറോപ്പ് -ഗൾഫ് ഉച്ചകോടി കൂടിക്കാഴ്ചകൾ നടത്തി പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി കൂടികാഴ്ച നടത്തി. ഗ്രീസ് തലസ്ഥാനമായ ഏഥൻസിൽ പ്രഥമ 'യൂറോപ്പ് -ഗൾഫ് ജിയോപൊളിറ്റിക്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്' ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.

പ്രാദേശിക സുരക്ഷയും സ്ഥിരതയും സംബന്ധിച്ച വിഷയങ്ങളിൽ ഇരുവരും കാഴ്ചപ്പാടുകൾ കൈമാറി. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കായി ആഴത്തിലുള്ള സഹകരണവും അത് വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ചാ വിഷയമായി. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളും ഇരുവരും വിലയിരുത്തിയതായി ഖത്തർ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും അദ്ദേഹത്തിന്റെ ഓഫീസ് ഡയറക്ടർ അബ്ദുല്ല അൽ ഉബൈദിയും കൂടികാഴ്ചയിൽ പങ്കെടുത്തു.

യൂറോപ്യൻ യൂണിയനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ -സാമ്പത്തിക ബന്ധങ്ങളും നിക്ഷേപ സൗകര്യങ്ങളും വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഥൻസ് ഉച്ചകോടി. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ്, ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇ.സി.ബി) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് എന്നിവരുമായും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് കൂടികാഴ്ച നടത്തി. വിവിധ രാജ്യങ്ങളുമായും സഥാപനങ്ങളുമായുള്ള വിവിധ മേഖലകളിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നത് കൂടികാഴ്ചയിൽ ചർച്ചയായി. 

Tags:    
News Summary - Prime Minister holds Europe-Gulf summit meetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.