ശൈഖ ഖാലിദ് അൽ ബഹാർ, വദ അഹ്മദ് അൽ ഖത്തീബ്, ദാന നാസർ അസ്സബാഹ് (മൂവരും മുകളിൽ), നാദിയ ബദർ അൽ ഹജ്ജി, ഹിനാദി അൽ സാലിഹ്, ഹിനാദി അൽ സാലിഹ്, ഡോണ സുൽത്താൻ, ഇൽഹാം മഹ്ഫൂസ്
കുവൈത്ത് സിറ്റി: 2025ലെ ഏറ്റവും ശക്തരായ വനിത ബിസിനസ് നേതാക്കളുടെ പട്ടിക പുറത്തിറക്കി ഫോർബ്സ് മിഡിൽ ഈസ്റ്റ്. നൂറുപേരുടെ പട്ടിക തയാറാക്കിയപ്പോൾ ആദ്യ പത്തുപേരിൽ മൂന്ന് കുവൈത്തികൾ ഇടംപിടിച്ചു.
നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് ഡെപ്യൂട്ടി സി.ഇ.ഒ ശൈഖ ഖാലിദ് അൽ ബഹാർ രണ്ടാം സ്ഥാനവും കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി സി.ഇ.ഒ വദ അഹ്മദ് അൽ ഖത്തീബ് നാലാം സ്ഥാനവും കുവൈത്ത് പ്രോജക്സ് കമ്പനി സി.ഇ.ഒ ദാന നാസർ അസ്സബാഹ് അഞ്ചാം സ്ഥാനവും നേടി രാജ്യത്തിന്റെ അഭിമാനവും വനിത ശാക്തീകരണത്തിന്റെ അടയാളവുമായി.
നൂറുപേരുടെ പട്ടികയിൽ ആറ് കുവൈത്തികളുണ്ട്. പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി സി.ഇ.ഒ നാദിയ ബദർ അൽ ഹജ്ജി (റാങ്ക് 17), അജിലിറ്റി കമ്പനി ചെയർപേഴ്സൻ ഹിനാദി അൽ സാലിഹ് (റാങ്ക് 22), കെ.ഇ.ഒ ഇന്റർനാഷനൽ കൺസൽട്ടന്റ്സ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ ഡോണ സുൽത്താൻ (റാങ്ക് 58) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച കുവൈത്തികൾ.
കുവൈത്തി കമ്പനിയായ കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്ത് സി.ഇ.ഒ ഇൽഹാം മഹ്ഫൂസ് (റാങ്ക് 54) പട്ടികയിലുണ്ടെങ്കിലും അവർ ഈജിപ്ത് പൗരയാണ്. ഫസ്റ്റ് അബൂദബി ബാങ്ക് മേധാവി ഹന അൽ റുസ്തമാനി തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം സ്വന്തമാക്കി.
പ്യൂർ ഹെൽത്ത് ഹോൽഡിങ് സഹ സ്ഥാപകയും സി.ഇ.ഒയുമായ ശൈസ്ത ആസിഫിനാണ് മൂന്നാം സ്ഥാനം. ഇന്ത്യൻ വംശജരായ കാമി വിശ്വനാഥൻ, സിമ ഗൻവാനി വേദ്, പൂനം ഭോജാനി എന്നിവരും മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തരായ വനിതാ ബിസിനസ് നേതാക്കളുടെ പട്ടികയിൽ ഇടം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.