കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളം വഴി കൊച്ചി അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് കുവൈത്തിൽ നിന്ന് വിമാന സർവിസുകൾ പുനരാരംഭിച്ചു ജസീറ എയർവേസ്.
കുവൈത്ത് വ്യോമാതിർത്തി താൽകാലികമായി അടച്ചിട്ടഘട്ടത്തിൽ മലയാളികൾ അടക്കമുള്ള കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് ആശ്വാസകരമാണ് നടപടി. മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനുശേഷം കുവൈത്തിനും ഇന്ത്യക്കും ഇടയിലുള്ള ആദ്യത്തെ യാത്രാ വിമാന ലിങ്കാണിത്.
യാത്രക്കാരെ കുവൈത്തിൽ നിന്ന് ഖൈസുമ വിമാനത്താവളത്തിലേക്ക് ബസിൽ കൊണ്ടുപോകും. മടക്കയാത്രകളും അതേ വഴിയിലൂടെ ആയിരിക്കും. എയർലൈനിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി യാത്രക്കാർക്ക് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാനും ഷെഡ്യൂളുകൾ കാണാനും കഴിയും. കുവൈത്തിൽ നിന്ന് പുറപ്പെടുന്നവർ മിഷ്‌രിഫിലെ ഇന്റർനാഷനൽ ഫെയർഗ്രൗണ്ടിലെ എട്ടാം നമ്പർ ഹാളിൽ എത്തി ലഗേജ് ചെക്ക്-ഇൻ, ബോർഡിംഗ് നടപടികൾ പൂർത്തിയാക്കണം.
കുടുംബങ്ങളുമായി ഒന്നിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ ശക്തമായ ആവശ്യം നിറവേറ്റുന്നതിനായാണ് വിമാന സർവിസുകൾ പുനരാരംഭിച്ചതെന്ന് ജസീറ എയർവേസ് സി.ഇ.ഒ ഭരതൻ പശുപതി പറഞ്ഞു.കുവൈത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ യാത്ര സുഗമമാക്കിയതിന് കുവൈത്തിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) എന്നിവ ജസീറ എയർവേസിനെ അഭിനന്ദിച്ചു. ഫെബ്രുവരി 28 മുതൽ കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടത് ഇന്ത്യൻ നിവാസികൾക്ക്, പ്രത്യേകിച്ച് വിദേശ യാത്ര ചെയ്യേണ്ടിവരുന്നവർക്ക് കാര്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അംബസാസഡർ പരമിത ത്രിപതി പറഞ്ഞു.
ജസീറ എയർവേസിന്റെ നടപടിയെ അവർ പ്രശംസിച്ചു. വിമാന ക്രമീകരണത്തെ പിന്തുണച്ചതിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനോടും ന്യൂഡൽഹിയിലെ വിദേശകാര്യ, സിവിൽ ഏവിയേഷൻ മന്ത്രാലയങ്ങളോടും അംബസാസഡർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.