കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ (കെ.എൻ.പി.സി) മിന അൽ അഹ്മദി, മിന അബ്ദുള്ള റിഫൈനറികൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ആക്രമണം ചെറിയ തീപിടുത്തത്തിന് കാരണമായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി) അറിയിച്ചു. ഓപ്പറേറ്റിംഗ് യൂണിറ്റുകളിലാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. അടിയന്തര, ദ്രുത പ്രതികരണ സംഘങ്ങൾ ഉടനടി ഇടപെട്ടു ജീവനക്കാരെ സംരക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു.
ഉടൻ സഥലത്തെത്തിയ അഗ്നിശമന സംഘങ്ങൾ വൈകാതെ വിജയകരമായി തീ നിയന്ത്രണവിധേയമാക്കിയതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. അടിയന്തര സംഘങ്ങൾ സ്ഥലത്തെത്തിയ ഉടൻ തന്നെ പ്രതികരിക്കുകയും രണ്ട് തീപിടുത്തങ്ങളും പൂർണ്ണമായും അണക്കുകയും ചെയ്തതായി കുവൈത്ത് പബ്ലിക് ഫയർ ഫോഴ്‌സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ ഇബ്രാഹിം പറഞ്ഞു.
വായു ഗുണനിലവാരം സ്ഥിരം
റിഫൈനറി യൂണിറ്റുകളിലെ തീപിടുത്തങ്ങളെത്തുടർന്ന് കെ.എൻ.പി.സിയുമായി സഹകരിച്ച് വായുവിന്റെ ഗുണനിലവാരം നിരീക്ഷിച്ചുവരികയാണെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ) അറിയിച്ചു. സ്ഥിതിഗതികൾ സ്ഥിരമാണെന്നും വ്യക്തമാക്കി. റിഫൈനറികൾക്ക് സമീപമുള്ള പ്രദേശങ്ങളിലെ വായു മലിനീകരണ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനത്തിൽ ഉയർന്ന അളവുകൾ കണ്ടെത്തിയില്ലെന്ന് ഇ.പി.എ ആക്ടിംഗ് ഡയറക്ടർ ജനറൽ നോഫ് ബെഹ്ബെഹാനി പറഞ്ഞു. പ്രദേശങ്ങളിലെ പാരിസ്ഥിതിക സാഹചര്യം സുരക്ഷിതമായ പരിധിക്കുള്ളിൽ തുടരുന്നുവെന്നും നിലവിൽ പാർപ്പിട മേഖലകൾക്കോ പൊതുജനാരോഗ്യത്തിനോ നേരിട്ടുള്ള അപകടസാധ്യതയില്ലെന്നും കൂട്ടിച്ചേർത്തു.
വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും മറ്റ് എണ്ണ കമ്പനികളുമായി കെ.എൻ.പി.സി ഏകോപനവും മുഴുവൻ സമയ നിരീക്ഷണവും തുടരുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.