പി.കെ. ജമാൽ
1995ൽ മഞ്ചേരിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് പി.കെ. ജമാൽ സാഹിബിന്റെ കുവൈത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വിളിവരുന്നത്. അതേ വർഷംതന്നെ അദ്ദേഹത്തിന്റെ സ്നേഹനിർബന്ധത്തിനു വഴങ്ങി കുവൈത്തിലെത്തി.
പിന്നീട് അദ്ദേഹത്തിന്റെ കർമശേഷിയും സംഘടനാപ്രവർത്തനവും കണ്ടും കേട്ടുമാണ് പ്രവാസജീവിതത്തിന് അടിത്തറയിട്ടത്. വ്യക്തിപരവും സാമൂഹികവും സംഘടനാപരവുമായുള്ള ജീവിതതെളിച്ചത്തിന് എന്നും വഴികാട്ടിയായിരുന്നു പി.കെ. ജമാൽ. വ്യക്തിപരമായും കുടുംബവുമായും അവസാനംവരെ അടുത്തബന്ധം നിലനിർത്തിയ ജ്യേഷ്ഠസഹോദരൻ.
വാഗ്മിയും എഴുത്തുകാരനും സംഘാടകനും പത്രപ്രവർത്തകനുമായിരുന്ന പി.കെ. ജമാൽ കുവൈത്ത് മലയാളികൾക്കിടയിൽ ചിരപരിചിതനാണ്. കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു. 1992 മുതല്‍ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ മലയാളത്തിലെ ഔദ്യോഗിക ഖത്വീബായി ദീർഘനാൾ സേവനം ചെയ്തു.
ഫഹാഹീൽ പള്ളിയിൽ പി.കെ. ജമാലിന്റെ ഖുത്തുബ കേൾക്കാനായി മാത്രം മലയാളികൾ ഒരുമിച്ചുകൂടിയിരുന്നു. 1977-2002 കാലത്ത് വിവിധ ഘട്ടങ്ങളില്‍ കുവൈത്ത് കെ.ഐ.ജി പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. കുവൈത്ത് ഇസ്ലാം പ്രസന്റേഷന് കമ്മിറ്റി, ഫ്രൈഡേ ഫോറം എന്നിവയുടെ സ്ഥാപകാംഗമാണ്.
വിവിധ സ്ഥാനങ്ങൾ വഹിക്കുമ്പോഴും എഴുത്തും വായനയുമായുള്ള ബന്ധം അറ്റുപോകാതെയും പി.കെ. ജമാൽ തന്റെ സർഗാത്മക കഴിവുകൾ മിനുക്കികൊണ്ടേയിരുന്നു. തിരക്കുകൾക്കിടയിലും നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹത്തിൽനിന്ന് മലയാളത്തിന് ലഭിച്ചു.
കുവൈത്തിലെ അറബ് സമൂഹവുമായും പി.കെ. ജമാലിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. കുവൈത്തിലെ പ്രധാനവ്യക്തികളുമായും അടുത്ത ബന്ധം നിലനിർത്തി. ഇതു മലയാളികൾക്കാകമാനം ഗുണം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെങ്കിലും കുവൈത്തുമായുള്ള ബന്ധം പി.കെ. ജമാൽ വിട്ടുകളഞ്ഞില്ല. കെ.ഐ.ജിയുടെ അമ്പതാം വാർഷികത്തിന് കഴിഞ്ഞ വർഷം അദ്ദേഹം കുവൈത്തിലെത്തി.
വയനാട്ടിൽ നടന്ന സംഗമത്തിലും പങ്കെടുത്തു. നിരന്തരം വിളിച്ചു ബന്ധങ്ങൾ പുതുക്കി. അപ്രതീക്ഷിതവും അസ്സഹനീയവുമാണ് പി.കെ. ജമാൽ സാഹിബിന്റെ വിയോഗം. നിറഞ്ഞുകത്തുന്ന വിളക്ക് പെട്ടെന്ന് അണഞ്ഞതുപോലുള്ള ശൂന്യതയാണ് ഇപ്പോൾ മനസ്സിൽ. അവസാനം വരെ കർമനിരതനായിരുന്നു അദ്ദേഹം. വിശ്രമം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. നെറ്റിയിൽ വിയർപ്പുതുള്ളികളോടെയുള്ള മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.