കുവൈത്ത് സിറ്റി: കാർഷിക മേഖലയായ അൽ വഫ്രയിൽ വിനോദ പാർക്ക് സ്ഥാപിക്കാൻ മന്ത്രിമാരുടെ കൗൺസിൽ അനുമതി നൽകി. കാർഷിക മേഖലകളായ അൽ വഫ്രയിലും അൽ അബ്ദാലിയിലും വിനോദ പ്രവർത്തനങ്ങൾ നടത്താനുള്ള അനുമതി റദ്ദാക്കിയുള്ള തീരുമാനം പുറപ്പെടുവിച്ച് ദിവസങ്ങൾക്കുള്ളിലാണ് മന്ത്രിതല കൗൺസിൽ ഇപ്പോൾ വഫ്രയിൽ അമ്യൂസ്മെന്റ് പാർക്കിന് അനുമതി നൽകിയിരിക്കുന്നത്. വൻകിട വികസന പദ്ധതികളുടെ തുടർനടപടികൾക്കും നടത്തിപ്പിനും മേൽനോട്ടം വഹിക്കുന്ന മന്ത്രിതല സമിതിയും കാർഷിക, മത്സ്യവിഭവശേഷി പബ്ലിക് അതോറിറ്റിയുമാണ് ഈ വിഷയത്തിൽ ഔദ്യോഗിക ഇടപെടലുകൾ നടത്തുന്നത്.
രാജ്യത്ത് വിനോദത്തിനുള്ള അന്തരീക്ഷം തുറക്കാനും കാർഷിക മേഖലകളെ ചൂഷണം ചെയ്ത് സന്ദർശകരെ ആകർഷിക്കാനും വേണ്ടി നടത്തുന്ന തീരുമാനത്തിനെതിരെ കർഷകരിൽ നിന്നടക്കം പ്രതിഷേധമുയരുന്നുണ്ട്. വിനോദ പ്രവർത്തനങ്ങൾക്കായുള്ള പാർക്കുകളും സംരംഭങ്ങളും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുമായി പൊരുത്തപ്പെട്ടുപോകില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
സന്ദർശകരെ ആകർഷിക്കാനെന്ന പേരിൽ നടക്കുന്ന പദ്ധതികൾ ദേശീയ വിളകളുടെയും ഉൽപന്നങ്ങളുടെയും തകർച്ചയിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. പാർക്കിൽ ഫിഷ് തടാകങ്ങൾ, സിനിമാശാലകൾ, പ്രാദേശിക, അന്തർദേശീയ റസ്റ്റാറന്റുകൾ, കഫറ്റീരിയകൾ എന്നിവ കൂടാതെ വാട്ടർ സ്പോർട്സ്, ഓപൺ തിയറ്ററുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, കായിക മൈതാനങ്ങൾ, താമസ കാബിനുകൾ എന്നിവ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.