ശൈഖ് സലിം അബ്ദുല്ല ജാബിർ അസ്സബാഹും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല ജാബിർ അസ്സബാഹും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും മോസ്കോയിൽ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി റഷ്യയിലെത്തിയതായിരുന്നു ശൈഖ് സലിം.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും സർക്കാറിനും ജനങ്ങൾക്കും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ ആശംസകൾ ശൈഖ് സലീം കൈമാറി.
കുവൈത്തും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങളും ഇരുവരും ചർച്ചചെയ്തു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ സ്ഥിതിയും ഗസ്സയിലെ ഇസ്രായേൽ ആക്രമണവും വിലയിരുത്തി.
സംയുക്ത അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുക, യുദ്ധം തടയുക, അക്രമത്തിന്റെ വ്യാപനം വർധിക്കുന്നില്ലെന്ന് ഉറപ്പുനൽകുക, നയതന്ത്രപരവും രാഷ്ട്രീയവുമായ നടപടികൾ ശക്തമാക്കുക എന്നിവ ഇരുവരും മുന്നോട്ടുവെച്ചു. ഫലസ്തീൻ ജനതക്ക് മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും എത്തിക്കുന്നതിന് സുരക്ഷിതമായ ക്രോസിങ്ങുകൾ ഒരുക്കുക എന്ന ആവശ്യവും ഉയർത്തി.
ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം കണ്ടെത്തുന്നതിനും മേഖലയിൽ സമാധാനവും സുസ്ഥിരതയും കൊണ്ടുവരുന്നതിനും സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത രണ്ട് മന്ത്രിമാരും അടിവരയിട്ടു. ഇറാഖ്, സിറിയ, യുക്രെയ്ൻ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി.
കൂടിക്കാഴ്ചക്കുശേഷം ഇരുമന്ത്രിമാരും സംയുക്ത വാർത്തസമ്മേളനം നടത്തി. ഉഭയകക്ഷി ചർച്ചകൾ ഫലപ്രദവും ക്രിയാത്മകവും ആണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധം വികസിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്തതായും ഇരുവരും വ്യക്തമാക്കി.
1963ൽ റഷ്യയുമായി ബന്ധം സ്ഥാപിച്ച ആദ്യത്തെ ഗൾഫ് രാജ്യമാണ് കുവൈത്ത്. ഈ വർഷം ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികം ആഘോഷിക്കുകയാണെന്നും ശൈഖ് സലിം പറഞ്ഞു. റഷ്യൻ പാർലമെന്റ് ചെയർമാൻ വ്യാസെസ്ലാവ് വോലോഡിനുമായും ശൈഖ് സലിം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.