കുവൈത്ത് സിറ്റി: 12 പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണെങ്കിലും കുവൈത്തിൽ തൽക്കാലം വാണിജ്യ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് സർക്കാർ വൃത്തങ്ങൾ.
ജനങ്ങളിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചതിനാൽ മറ്റു ആരോഗ്യ സുരക്ഷ നടപടികൾ കർശനമായി പാലിച്ചാൽ മതിയാകും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതേസമയം ഒമിക്രോൺ വ്യാപിക്കുകയാണെങ്കിൽ നേരിട്ടുള്ള അധ്യയനത്തിന് പകരം ഓൺലൈൻ വിദ്യാഭ്യാസം പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെ നടപടികൾ പരിഗണിക്കുമെന്ന സൂചനയും ഇവർ നൽകി.
അടച്ചിട്ട സ്ഥലങ്ങളിലും ആളുകൂടുന്നയിടങ്ങളിലും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുക, ഫീൽഡ് പരിശോധന ശക്തമാക്കുക, വാക്സിനെടുക്കാൻ ബോധവത്കരണം ശക്തമാക്കുക, യാത്രകൾക്ക് വാക്സിനേഷൻ നിർബന്ധമാക്കുക, ഫീൽഡ് വാക്സിനേഷൻ, പരിശോധന കാര്യക്ഷമമായി തുടരുക, കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള വാക്സിനേഷനും പി.സി.ആർ പരിശോധനയും ഉൾപ്പെടെ നിബന്ധനകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് തൽക്കാലം സ്വീകരിക്കുന്ന പ്രതിരോധ നടപടികൾ.
അതിനിടെ, പുതിയ ഒമിക്രോൺ കേസുകൾ രാജ്യത്തേക്ക് എത്താതിരിക്കാൻ അധികൃതർ വിമാനത്താവളത്തിൽ പരമാവധി ജാഗ്രത പുലർത്തുന്നുണ്ട്. വൈറസ് വകഭേദം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നു. 13 പേർക്കാണ് ഇതുവരെ കുവൈത്തിൽ ഒമിക്രോൺ വൈറസ് ബാധിച്ചത്.
ആരോഗ്യമന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ക്വാറൻറീനിൽ കഴിയുന്ന ഇവർ പുറത്തുള്ളവരുമായി സമ്പർക്കം പുലർത്തിയിട്ടില്ല.
കുവൈത്ത് സിറ്റി: 16 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മിശ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ വാക്സിനേഷൻ സെൻററിൽ അപ്പോയിൻറ്മെൻറ് ഇല്ലാതെ എത്തിയാലും കുത്തിവെപ്പ് എടുക്കാമെന്നും മറ്റു കേന്ദ്രങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർ ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി അപ്പോയിൻറ്മെൻറ് എടുക്കണമെന്നും വക്താവ് ഡോ. അബ്ദുല്ല അൽ സനദ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ജനുവരി രണ്ടുമുതലാണ് കുവൈത്തിലേക്ക് വരുന്നവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നിർബന്ധമാക്കുന്നത്. രണ്ടാം ഡോസ് എടുത്ത് ഒമ്പതുമാസം കഴിഞ്ഞവർക്കാണ് നിബന്ധന ബാധകമാകുക.
ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഒമിക്രോൺ പ്രതിരോധിക്കാൻ 98 ശതമാനം വരെ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.