കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസിെൻറ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തെങ്കിലും വിമാനത്താവളത്തിലെ നടപടിക്രമങ്ങളിൽ തൽക്കാലം മാറ്റം വരുത്തേണ്ടെന്ന് അധികൃതർ തീരുമാനിച്ചു. കുവൈത്ത് അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് 72 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് ആണെങ്കിൽ കുവൈത്തിലേക്ക് വരാമെന്നതാണ് നിലവിലെ വ്യവസ്ഥ. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കൽ തുടങ്ങിയ പൊതു ഇടങ്ങളിലെ കോവിഡ് പ്രോട്ടോകോളിലും തൽക്കാലം മാറ്റം വരുത്തുന്നില്ല.
തുറന്ന സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ലെങ്കിലും സൂക്ഷ്മതയുടെ ഭാഗമായി ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. വിമാനത്താവള അധികൃതരും ആരോഗ്യ മന്ത്രാലയവും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശം അനുസരിച്ച് വ്യോമയാന വകുപ്പ് കുവൈത്തിലേക്ക് വരുന്നവരുടെ ട്രാവൽ ഹിസ്റ്ററി പരിശോധിക്കുന്നുണ്ട്. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ അടുത്തിടെ പോയവരാണെങ്കിൽ പ്രത്യേകം പരിശോധിക്കുന്നു. കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകിച്ച യൂറോപ്യൻ പൗരൻ ആഫ്രിക്കൻ രാജ്യത്ത് പോയിരുന്നു.
കുവൈത്തിലേക്ക് വരുമ്പോൾ പി.സി.ആർ എടുത്ത് നെഗറ്റിവ് ആയിരുന്നു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടായിരുന്നു. വിമാനത്താവളത്തിൽ നടത്തിയ പി.സി.ആർ പരിശോധനയിലും നെഗറ്റിവ് ആയിരുന്നുവെങ്കിലും ഏതാനും ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിലാണ് പോസിറ്റിവായത്. ഇദ്ദേഹം പുറത്ത് ആരുമായും സമ്പർക്കം പുലർത്തിയിട്ടില്ല. നിലവിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയുന്ന ഇയാൾക്ക് നേരിയ രോഗലക്ഷണം അല്ലാതെ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.