കുവൈത്ത് സിറ്റി: പെട്രോളിയം വില കഴിഞ്ഞ വർഷം ലഭിച്ച ഏറ്റവും ഉയർന്ന നിലയും കടന്ന് മുകളിലേക്ക്. ബാരലിന് 67.20 ഡോളറാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ ദിവസത്തിൽനിന്ന് 1.43 ഡോളർ ഉയർന്നാണ് ഇൗ നില കൈവരിച്ചത്. 2020ൽ ലഭിച്ച ഏറ്റവും കൂടിയ വില ജനുവരിയിലെ 63.27 ഡോളറാണ്. ഫെബ്രുവരിയിൽ ഇത് ഭേദിച്ചെങ്കിലും പിന്നീട് കാര്യമായ ഉയർച്ചയുണ്ടായില്ല. ഇപ്പോൾ ഗണ്യമായ പുരോഗതിയുണ്ടായത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആഹ്ലാദം പകരുന്നതാണ്.
കോവിഡ് പ്രതിസന്ധിയിൽ അയവുവന്ന് വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതാണ് വില വർധനക്ക് കാരണം. കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് സാമ്പത്തിക വ്യവസ്ഥ കരകയറാൻ വിവിധ രാജ്യങ്ങൾ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നത് എണ്ണവിലയിലും പ്രതിഫലിക്കുന്നു.
എണ്ണ വില ബാരലിന് 100 ഡോളർ വരെ വർധിച്ചേക്കുമെന്ന് ഗോൾഡ്മാൻ സാചസ്, ജെ.പി മോർഗൻ എന്നിവ പ്രവചിക്കുന്നു. 2014ന് ശേഷം എണ്ണവില ബാരലിന് 100 ഡോളർ കടന്നിട്ടില്ല. മുഖ്യ വരുമാനമായ എണ്ണവില കൂപ്പുകുത്തിയതോടെ ബജറ്റ് താളം തെറ്റിയ കുവൈത്ത് കമ്മി നികത്താൻ കടമെടുക്കുകയാണ്. കാഷ് ലിക്വിഡിറ്റിയെയും ബാധിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യം കരകയറി വരുകയാണ്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ 11.26 ഡോളറിലേക്ക് കൂപ്പുകുത്തിയതിന് ശേഷം ക്രമേണ വർധിച്ചാണ് ഇൗ നിലയിലെത്തിയത്. 2020ൽ ലഭിച്ച ശരാശരി വില 20.64 ഡോളർ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.